മാലിദ്വീപ് പ്രസിഡന്റിനെ കെട്ടിപ്പിടിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മതം ചോദിച്ചിരുന്നോ; മമത

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

dot image

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാലിദ്വീപിന് 4,850 കോടി രൂപ വായ്പ സഹായം നല്‍ക്കാനുളള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും മമത വിമര്‍ശനം ഉയര്‍ത്തി. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് കെട്ടിപ്പിടിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മതം ചോദിച്ചിരുന്നോവെന്ന് മമത ബാനര്‍ജി ചോദിച്ചു. ബോള്‍പൂരില്‍ വെച്ച് നടന്ന 'ഭാഷാ ആന്ദോളന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മമത ബാനര്‍ജിയുടെ വിമര്‍ശനം. ബംഗാളി സ്വത്വം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കാനും ശ്രമിക്കുന്നതായും മമത ബാനര്‍ജി ആരോപിച്ചു.

അറബ് രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പ്രധാനമന്ത്രി അവിടെയുളള നേതാക്കളെ കെട്ടിപ്പിടിക്കാറുണ്ട്. മാലിദ്വീപ് പ്രസിഡന്റിന് 5,000 കോടി രൂപ സംഭാവന ചെയ്യുന്നതിന് മുന്‍പ് കെട്ടിപ്പിടിച്ചുവെന്നും മമത പറഞ്ഞു. ബിജെപി ഭരണമുളള സ്ഥലങ്ങളിലെല്ലാം സംസ്ഥാനത്തുളള ജനങ്ങളെ അവര്‍ പീഡിപ്പിക്കുകയാണ്. ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാരെ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തിരുന്നതായി മമത ബാനര്‍ജി ആരോപിച്ചു.

സംസ്ഥാനങ്ങളിലുടനീളം ബംഗാളികള്‍ പീഡിപ്പിക്കപ്പെടുന്നു. അവരോട് എന്തിനാണ് ഈ വെറുപ്പ് കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ഒന്നരക്കോടി കുടിയേറ്റ തൊഴിലാളികളെ ബംഗാളിലുണ്ട്. അവര്‍ക്ക് അഭയം നല്‍കാന്‍ കഴിയുമെങ്കില്‍, മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന 22 ലക്ഷം ബംഗാളി കുടിയേറ്റക്കാരെ എന്തുകൊണ്ടാണ് ബിജെപിയ്ക്ക് സ്വീകരിക്കാന്‍ കഴിയാത്തതെന്നും മമത ചോദിച്ചു. ബംഗാളി കുടിയേറ്റക്കാരോട് തിരികെ വരാന്‍ ഞാന്‍ ആവശ്യപ്പെടും. അവര്‍ക്കായി ഞാന്‍ പുതിയ പദ്ധതി തയ്യാറാക്കും. ബംഗാളില്‍ നിന്നുളളവര്‍ ഒരിക്കലും ഗുജറാത്തിലേക്കോ യുപിയിലേക്കോ രാജസ്ഥാനിലേക്കോ പോകരുതെന്നും മമത ആവശ്യപ്പെട്ടു.

Content Highlights: Did the Prime Minister ask about the religion of the Maldives President before hugging him? Mamata

dot image
To advertise here,contact us
dot image