
കൊച്ചി: വി ഡി സതീശനെ വീണ്ടും അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശന് അഹങ്കാരത്തിൻ്റെ കയ്യും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത് എന്നും വെള്ളാപ്പള്ളി വിമർശിച്ചു. ശ്രീനാരായണ ഗുരുധർമ്മം സതീശൻ തന്നെ പഠിപ്പിക്കേണ്ട എന്നും അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലെ ജയിപ്പിക്കാൻ പറ്റില്ലെന്നും വെള്ളാപ്പളി ആഞ്ഞടിച്ചു. സതീശന്റെ മണ്ഡലമായ പറവൂരിലെ എസ്എൻഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.
നേരത്തേയുണ്ടായ വെള്ളാപ്പള്ളിയുടെ വിമർശനത്തിന് ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്നായിരുന്നു സതീശന്റെ മറുപടി. ഇതിനെതിരെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചിരിക്കുന്നത്. സതീശന്റെ മണ്ഡലത്തിൽ വരുമ്പോൾ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിനും തന്റെ പൗരുഷത്തിനും ചേരില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞായിരുന്നു സതീശനെതിരെ വെള്ളാപ്പള്ളി പ്രതികരിച്ചത്.
സമുദായത്തിനെ അധിക്ഷേപിച്ച ആളാണ് സതീശനെന്നും അഹങ്കാരത്തിന്റെ സ്വരമാണ് അയാൾക്കെന്നും വെള്ളാപ്പളി ആഞ്ഞടിച്ചു. ഈഴവർ വോട്ടുകുത്തി യന്ത്രമാകുന്നു എന്നല്ലാതെ അധികാരം കിട്ടുന്നില്ല. മുസ്‌ലിം വിരോധിയാക്കി ഒതുക്കാൻ ശ്രമിച്ചാൽ ഒതുങ്ങുന്ന ആളല്ല താൻ. ഇതുപോലെ അഹങ്കാരം പറഞ്ഞവർ മാരാരിക്കുളത്ത് തോറ്റിട്ടുണ്ടെന്ന് വി എസിനെ പരോക്ഷമായി വെള്ളാപ്പള്ളി പരാമർശിച്ചിരുന്നു.
ശ്രീനാരായണ ഗുരുധർമ്മം സതീശൻ തന്നെ പഠിപ്പിക്കേണ്ട എന്നും വെള്ളാപ്പളി കൂട്ടിച്ചേർത്തു. ധർമ്മം പഠിപ്പിച്ച് തന്നെ ധർമ്മക്കാരാക്കാനാണ് ഉദ്ദേശം. താൻ വിചാരിച്ചാൽ 100 പേരെ ജയിപ്പിക്കും എന്നാണ് സതീശൻ പറയുന്നത്. എന്നാൽ അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെ പോലും വിജയിപ്പിക്കാൻ പറ്റില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാൻ സതീശൻ തയ്യാറാണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ താൻ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും പറഞ്ഞു. ഇടത് സർക്കാർ തുടർഭരണം നേടുമെന്നാണ് ഡിസിസി പ്രസിഡന്റ് തന്നെ പറഞ്ഞിരിക്കുന്നത് എന്നും അതിലപ്പുറം താനെന്ത് പറയാനാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനാണ് വി ഡി സതീശന്‍ എന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോയെന്നും ഈഴവ വിരോധിയാണ് വി ഡി സതീശനെന്നും അദ്ദേഹം അധിക്ഷേപിച്ചിരുന്നു. ഈഴവനായ കെ സുധാകരനെ സതീശൻ ഒതുക്കി. എന്നിട്ട് മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണ്. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Content Highlights: Vellappally again comes against vd satheesan