

ലോകയിലെ നീലിയാകാൻ കല്യാണി എടുത്ത പരിശ്രമം ചെറുതല്ലെന്ന് ഉറപ്പ് വരുത്തുകയാണ് കല്യാണി ഇപ്പോള്‍ പങ്കുവെച്ച വീഡിയോ. ഷൂട്ടിങ്ങിന് മുൻപ് താൻ നടത്തിയ ആക്ഷൻ പരിശീലനങ്ങളും തയ്യാറെടുപ്പുകളും ഒരു വീഡിയോ ആക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി. ഇന്ന് രാത്രി ലോക ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നും നടി കൂട്ടിച്ചേർത്തു. കൂടാതെ കൂടെ ഉണ്ടായിരുന്ന കോച്ചിനും നന്ദി രേഖപ്പെടുത്തി കല്യാണി. ലോകയിലെ നീലിയാകാൻ കല്യാണി എടുത്ത പരിശ്രമത്തെ അഭിനന്ദിച്ച് സിനിമാലോകം രംഗത്തെത്തി.
'ചില യാത്രകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റുന്നു, ജോഫിലിനൊപ്പമുള്ള പരിശീലനത്തിൽ ഞാൻ വിചാരിച്ചതിലും വളരെ ശക്തയാണ് എന്ന് മനസിലായി. ആ കണ്ടെത്തലിൽ ഇത്രയും വലിയ പങ്കുവഹിച്ചതിന് നന്ദി കോച്ച്, ഞാൻ കഷ്ടപ്പെട്ട് വന്ന വഴികളുടെ കുറച്ച് ഭാഗങ്ങൾ ഇവിടെ പങ്കുവെക്കുന്നു. ഇന്ന് അർദ്ധരാത്രി മുതൽ ചന്ദ്ര നിങ്ങളുടെ വീടുകളിലേക്ക് വരുന്നു…ജിയോ ഹോട്ട്സ്റ്റാറിൽ', കല്യാണി കുറിച്ചു.
അതേസമയം, തിയേറ്റർ റിലീസിന്‍റെ 65-ാം ദിനമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 63 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 156.73 കോടിയാണ്. ഇന്നലെ വരെയുള്ള സിനിമയുടെ കളക്ഷനാണിത്. ഇന്ത്യന്‍ ഗ്രോസ് ആവട്ടെ 183.67 കോടിയും. വിദേശത്തുനിന്ന് മറ്റൊരു 119.9 കോടിയും ചിത്രം നേടി. എല്ലാം ചേര്‍ത്ത് ഇതുവരെ നേടിയ ആഗോള ഗ്രോസ് 303.57 കോടിയാണ്.
മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം നേടാൻ ആകുമെന്നാണ്.
Content Highlights: Kalyani Priyadarshan shares video of her training period for Lokah