

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തുടരുമെന്ന് ടീം അധികൃതർ. അടുത്ത ഐപിഎല്ലിന് മുമ്പായി രോഹിത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തുമെന്ന അഭ്യൂഹങ്ങളാണ് മുംബൈ ഇന്ത്യൻസ് തള്ളിയത്. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് മുംബൈ ഇന്ത്യൻസ് പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇതുകൂടാതെ ക്രിക്ബസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ടീം അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
'രോഹിത് ശർമയോ മറ്റേതെങ്കിലുമൊരു താരമോ മുംബൈ ഇന്ത്യൻസിൽ നിന്നും പോകുന്നില്ല.' ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ മുംബൈ ഇന്ത്യൻസ് അധികൃതർ അറിയിച്ചു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ രസകരമായ ഒരു പോസ്റ്റിലൂടെയും രോഹിത് അടുത്ത ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സഹഉടമ ഷാരൂഖ് ഖാന്റെ ഡോൺ എന്ന സിനിമയിലെ ഡയലോഗ് തലക്കെട്ടായി നൽകിയാണ് മുംബൈ രോഹിത് ശർമയെ വിട്ടുനൽകില്ലെന്ന സന്ദേശം നൽകിയത്. 'സൂര്യൻ നാളെയും ഉദിക്കുമെന്നത് ഉറപ്പാണ്. എന്നാൽ രാത്രിയിൽ അത് സംഭവിക്കില്ലെന്ന് മാത്രമല്ല, എക്കാലവും അസാധ്യവുമാണ്.' മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യപരിശീലകനായി അഭിഷേക് നായർ ചുമതലയേറ്റതോടെയാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമെന്ന് അഭ്യൂഹങ്ങളുയർന്നത്. ഇരുവരും തമ്മിലുള്ള മികച്ച ബന്ധം റിപ്പോർട്ടുകളായി മാറുകയായിരുന്നു. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ ഇന്ത്യൻ ടീമിലെത്തിയ രോഹിത് ശർമ വലിയ രീതിയിൽ ശരീരഭാരം കുറച്ചിരുന്നു. ഇതിന് കാരണമായത് അഭിഷേക് നായരുടെ പിന്തുണയാണ്.
Content Highlights: Mumbai Indians refute rumours of trade on Rohit and others