

തന്റെ അമ്മയുടെ അവസാന നാളുകള്‍ ഇന്നും കുറ്റബോധത്തോടെയല്ലാതെ ഓര്‍ക്കാനാകില്ലെന്ന് നടൻ അര്‍ഷദ് വാര്‍സി. മരിക്കും മുൻപ് തന്റെ അമ്മയ്ക്ക് ഒരു തുള്ളി വെള്ളം പോലും നല്‍കിയില്ലെന്ന കുറ്റബോധം അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും നടൻ പറഞ്ഞു. രാജ് ശമാനിയുടെ പോഡ്കാസ്റ്റിലാണ് അര്‍ഷദ് അമ്മയുടെ വേര്‍പാടിനെക്കുറിച്ച് മനസ് തുറന്നത്.
'കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് എന്റെ ബോര്‍ഡിങ് സ്‌കൂളിലെ ഓര്‍മകളാണ്. കാരണം എട്ട് വയസുള്ളപ്പോള്‍ തന്നെ ബോര്‍ഡിങ് സ്‌കൂളില്‍ ആയിരുന്നതാല്‍ കുടുംബത്തെക്കുറിച്ച് പ്രത്യേകിച്ച് ഓര്‍മകളൊന്നുമില്ല. എന്റെ അമ്മയൊരു സിമ്പിള്‍ ഹൗസ് വൈഫ് ആയിരുന്നു. അമ്മയുടെ കിഡ്‌നി തകരാറിലായി ഡയാലിസിസിലായിരുന്നു. ഡോക്ടര്‍ അമ്മയ്ക്ക് വെള്ളം കൊടുക്കരുതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അമ്മ വെള്ളത്തിനായി യാചിച്ചു കൊണ്ടിരുന്നു. പക്ഷെ ഞാന്‍ സമ്മതിച്ചതേയില്ല. മരിക്കുന്നതിന് തൊട്ടു മുമ്പും രാത്രി അമ്മ എന്നെ വിളിച്ച് വെള്ളം ചോദിച്ചു. പക്ഷെ ഞാന്‍ കൊടുത്തില്ല. ആ രാത്രി അമ്മ മരിച്ചു. അതോടെ ഞാനും മരിച്ചു'.
'അന്ന് അമ്മയ്ക്ക് വെള്ളം കൊടുത്തിരുന്നുവെങ്കില്‍, അതിന് ശേഷം അമ്മ മരിച്ചാല്‍, ജീവിതകാലം മുഴുവന്‍ ഞാന്‍ വെള്ളം കൊടുത്തത് കൊണ്ടാണ് അമ്മ മരിച്ചതെന്ന് സ്വയം ഞാന്‍ പഴിച്ചിരുന്നേനെ എന്ന് ഞാൻ മനസില്‍ ചിന്തിക്കുന്നുണ്ട്. പക്ഷെ ഇന്ന് ചിന്തിക്കുമ്പോള്‍ അമ്മയ്ക്ക് വെള്ളം കൊടുക്കണമായിരുന്നുവെന്നാണ് തോന്നുന്നത്. അന്ന് ഞാനൊരു കുട്ടിയായിരുന്നു. ഡോക്ടര്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. ഇന്ന് എനിക്ക് ആ തീരുമാനമെടുക്കാനാകും. അവസാന നാളുകള്‍ ആശുപത്രിയില്‍ കിടക്കാതെ കുടുംബത്തോടൊപ്പം ചെലവിടാമെന്ന് തീരുമാനിക്കാം. നമ്മള്‍ ഒരിക്കലും രോഗിയുടെ ഭാഗത്തു നിന്നും ചിന്തിക്കില്ല', അര്‍ഷദ് പറഞ്ഞു.
ബോളിവുഡിലെ ജനപ്രീയ നടനാണ് അര്‍ഷദ് വാര്‍സി. നായകനായും സഹനടനായുമെല്ലാം ധാരാളം റോളുകൾ ചെയ്ത് പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട് അദ്ദേഹം. കോമഡിയിലൂടെയാണ് അര്‍ഷദ് താരമാകുന്നതെങ്കിലും പിന്നീട് നായകനായും കയ്യടി നേടി. സിനിമയ്ക്ക് പുറമെ ഈ അടുത്ത് ഇറങ്ങിയ ബാഡ്‌സ് ഓഫ് ബോളിവുഡിലെ അര്‍ഷദിന്റെ ഗഫൂര്‍ എന്ന കഥാപാത്രം വലിയ ഹിറ്റായി മാറിയിരുന്നു.
Content Highlights: Bollywood actor arshad warsi remembers the last moments of his mother