

തിരുവനന്തപുരം: പിഎം ശ്രീയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം പി പ്രിയങ്ക ഗാന്ധി. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോളും വ്യക്തതയില്ലെന്നും രണ്ട് വള്ളത്തില്‍ കാലുവെയ്ക്കരുതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുക്കാന്‍ കഴിയണമെന്നും നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ കഴിയണമെന്നും പ്രിയങ്ക പറഞ്ഞു.
കൂടാതെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ബീഹാര്‍ മോഡല്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തിനെതിരെ പോരാടിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയില്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ കത്ത് ലഭിച്ച ശേഷം പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ധനസഹായം നല്‍കേണ്ട സ്‌കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞു. പദ്ധതിക്ക് കീഴിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വ്വ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നല്‍കാനാകുമോ എന്നതും കത്ത് പരിശോധിച്ച് ശേഷം തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പിഎം ശ്രീയില്‍ നിന്ന് പഞ്ചാബ് ധാരണപത്രം ഒപ്പിട്ട ശേഷം പിന്മാറിയപ്പോള്‍ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു.
Content Highlight; Priyanka Gandhi criticizes LDF government over PM SHRI scheme