

തിരുവനന്തപുരം: പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ വിമർശനവുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയിൽ ഒപ്പുവെച്ചത് ശരിയായില്ല. മുന്നണിയിൽ ചർച്ച ചെയ്യും മുമ്പ് ഒപ്പിടേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.
എല്ലാവർക്കും വ്യക്തത വരുത്തുന്ന രീതിയിലാകണമായിരുന്നു നീക്കം. പദ്ധതിയെ കുറിച്ച് വ്യക്തത വരുത്തുകയാണ് മന്ത്രിസഭ ഉപസമിതിയുടെ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതെന്നും എം എ ബേബി പറഞ്ഞു.
സിപിഐയും സിപിഐഎമ്മും ചേർന്ന് എല്ലാവരും ആഗ്രഹിച്ച ഒരു തീരുമാനമെടുത്തു. സിപിഐ എതിർപ്പറിയിച്ചതിൽ പോസ്റ്റ്‌മോർട്ടം നടത്തേണ്ട കാര്യമില്ല. കേന്ദ്ര കമ്മിറ്റി വിഷയം പരിശോധിക്കില്ല. മന്ത്രിസഭ ഉപസമിതി വിഷയം പരിശോധിക്കുന്നുണ്ട്. മറ്റു പരിശോധനകൾ ആവശ്യമില്ലെന്നും എം എ ബേബി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇത് സിപിഐ- സിപിഐഎം പരസ്യപോരിലേക്കും വഴിവെക്കുകയുണ്ടായി. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ സിപിഐ സമവായത്തിലെത്തുകയായിരുന്നു. എം എ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചർച്ചയിലാണ് സമവായമായത്. പിന്നാലെ പിഎം ശ്രീ കരാറിൽ ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്ത് നൽകാനും പദ്ധതിയെ കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിക്കാനും തീരുമാനമായിരുന്നു. ഈ സമിതി എംഒയു പരിശോധിക്കുകയും വിവാദ വ്യവസ്ഥകൾ പഠിക്കുകയും ചെയ്യും.
Content Highlights: MA Baby criticizes in state government signing the PM Shri