
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ രാജിയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോണ്‍ഗ്രസിനുവേണ്ടി കൂടുതല്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയാണ് സംഭാഷണത്തില്‍ പാലോട് രവി പറഞ്ഞതെന്നും പറയുന്നതില്‍ ഉപയോഗിച്ച വാക്കുകളില്‍ ശ്രദ്ധ വേണമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടായിരുന്നോ രാജി എന്ന ചോദ്യത്തില്‍ നിന്നും സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. രാജിക്കത്ത് കിട്ടി, അത് സ്വീകരിച്ചു. കെപിസിസി ആവശ്യപ്പെട്ടാണോ രാജി എന്ന് പാലോട് രവിയോട് തന്നെ ചോദിക്കുക എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. 'അദ്ദേഹത്തിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. താല്‍ക്കാലിക ചുമതല എന്‍ ശക്തന് നല്‍കി. കോണ്‍ഗ്രസിന്റെ മാനം തെളിഞ്ഞാണ് നില്‍ക്കുന്നത്. അധികം ഇരുണ്ടിട്ടില്ല'- സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തനാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നൽകിയിരിക്കുന്നത്. മറ്റ് ഡിസിസി പ്രസിഡന്റുമാരെ മാറ്റുമ്പോഴായിരിക്കും തിരുവനന്തപുരത്തും സ്ഥിരം ഡിസിസി പ്രസിഡന്റിനെ ചുമതല നൽകുക. അതുവരെ എന്‍ ശക്തനായിരിക്കും ഡിസിസി പ്രസിഡന്റിന്റെ ചുമതല.
ഇന്നലെയാണ് കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കിയ പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തായത്. റിപ്പോർട്ടറാണ് പാലോട് രവിയുടെ വിവാദ സംഭാഷണം പുറത്ത് വിട്ടത്. പിന്നാലെ രാത്രിയോടെ പാലോട് രവി രാജിവെക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞത്. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു.
Content Highlights: KPCC President Sunny Joseph about Palode Ravi resignation as DCC president