REPORTER SPECIAL INVESTIGATION: വാടക ഗര്‍ഭപാത്രങ്ങള്‍ വില്‍പ്പനയ്ക്ക്; അനധികൃത സ്ഥാപനങ്ങൾ തട്ടിപ്പ് നടത്തുന്നു

സർക്കാരിൻ്റെ അനുമതിയില്ലാത്ത സ്ഥാപനങ്ങൾ വാടക ഗർഭ ധാരണ ചികിത്സ നടത്തുന്നതായും റിപ്പോർട്ടറിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി

dot image

കോഴിക്കോട്: വാടക ഗർഭധാരണ ചികിത്സയുടെ പേരിൽ അനധികൃത സ്ഥാപനങ്ങൾ തട്ടിപ്പ് നടത്തുന്നു. റിപ്പോർട്ടറിൻ്റെ സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷനിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. വാടക ഗർഭപാത്രങ്ങളുടെ വിൽപ്പന
ഇന്ത്യയിൽ നിയമ വിധേയമല്ലെന്നിരിക്കെയാണ് പണം വാങ്ങി സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള അനധികൃത ഗർഭധാരണ ചികിത്സ സജീവമായി നടക്കുന്നത്. സർക്കാരിൻ്റെ അനുമതിയില്ലാത്ത സ്ഥാപനങ്ങൾ വാടക ഗർഭ ധാരണ ചികിത്സ നടത്തുന്നതായും റിപ്പോർട്ടറിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. A R T ബാങ്ക് ആയി മാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇതുവഴി കോടികളാണ് സ്ഥാപനങ്ങൾ കൊയ്യുന്നത്.

സംസ്ഥാനത്ത് 23 സ്ഥാപനങ്ങൾക്കാണ് സറോഗസി ചികിൽസക്ക് ആരോഗ്യ വകുപ്പ് അനുമതി കൊടുത്തിരിക്കുന്നത്. എന്നാൽ ആ പട്ടികയിൽ ഇല്ലാത്ത മാമാ മിയ എന്ന എറണാകുളത്തെ പ്രമുഖ സ്ഥാപനത്തെ സറോഗസി ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് റിപ്പോ‍ർട്ടർ സംഘം സമീപിക്കുകയായിരുന്നു. വാട്സാപ്പിൽ സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ 5 മുതൽ 7 വരെ ലക്ഷം രൂപ പ്രതിഫലം തരാമെന്ന് സ്ഥാപനത്തിലെ ബന്ധപ്പെട്ടവർ റിപ്പോർട്ടർ സംഘത്തോട് സമ്മതിക്കുകയായിരുന്നു.

മാമാ മിയയിൽ നിന്ന് സറോഗസി ചെയ്യാൻ നിർബന്ധിച്ചതായി സ്ഥാപനത്തിൻ്റെ രണ്ട് മുൻ ജീവനക്കാരികൾ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാത്ത ഈ സ്ഥാപനത്തിൽ നിന്ന് നിരവധി പേർ ഇപ്പോഴും സറോഗസിക്ക് വിധേയരാകുന്നുണ്ടെന്നും ഇവർ പറയുന്നു. സറഗേറ്റ് അമ്മയാവാൻ സ്ത്രീകളെ ക്ഷണിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും മറ്റും നിയമം വഴി കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ സറഗേറ്റ് അമ്മമാരെ തേടി ഇൻസ്റ്റാഗ്രാമിൽ പരസ്യം ചെയ്യുന്നവരും ഉണ്ടെന്നാണ് റിപ്പോർട്ടർ അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ഇത്തരം കാര്യങ്ങളെന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നും പരാതി തന്നാൽ നടപടി എടുക്കാമെന്നുമാണ് സംസ്ഥാന നോഡൽ ഏജൻസിയുടെ വിശദീകരണം.

Content Highlights: REPORTER SPECIAL INVESTIGATION Fraud by illegal institutions in the name of surrogacy treatment

dot image
To advertise here,contact us
dot image