വീട് ജപ്തി ഭീഷണിയിൽ: പാര്‍ട്ടി സഹായിക്കുമെന്ന് സി സി മുകുന്ദൻ എംഎൽഎയെ കാണാനെത്തിയ മന്ത്രി കെ രാജൻ

വീടിന്‌റെ ശോച്യാവസ്ഥ നേരില്‍ക്കണ്ട റവന്യൂമന്ത്രി കെ രാജന്‍, സി സി മുകുന്ദന് പാര്‍ട്ടി എല്ലാവിധ സഹായങ്ങളും ചെയ്തുനല്‍കുമെന്ന് അറിയിച്ചു.

dot image

തൃശൂര്‍: പരിക്കേറ്റ തൃശൂര്‍ നാട്ടിക എംഎല്‍എ സി സി മുകുന്ദനെ സന്ദര്‍ശിച്ച് റവന്യൂമന്ത്രി കെ രാജന്‍. മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍, സിപിഐ ജില്ലാസെക്രട്ടറി കെ ജി ശിവാനന്ദന്‍ എന്നിവരോടൊപ്പമാണ് മന്ത്രി കെ രാജന്‍ തൃശൂരിലെ സി സി മുകുന്ദന്‌റെ വീട്ടിലെത്തിയത്. വീട്ടിനുള്ളില്‍ തെന്നിവീണാണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്കേറ്റത്. എംഎല്‍എയുടെ വീട് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. വീടിന്‌റെ ശോച്യാവസ്ഥ നേരില്‍ക്കണ്ട റവന്യൂമന്ത്രി കെ രാജന്‍, സി സി മുകുന്ദന് പാര്‍ട്ടി എല്ലാവിധ സഹായങ്ങളും ചെയ്തുനല്‍കുമെന്ന് അറിയിച്ചു.

കാലപ്പഴക്കമുള്ള എംഎല്‍എയുടെ ഓടിട്ട വീട് ജപ്തി ഭീഷണിയിലുമാണ്. കാരമുക്ക് സഹകരണ ബാങ്കില്‍ നിന്നും പത്ത് വര്‍ഷം മുന്‍പ് ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ഭീഷണിയിലായത്. ജപ്തി ഭീഷണിയിലായ വീട് വീണ്ടെടുക്കണമെങ്കില്‍ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് എംഎല്‍എ പറയുന്നത്. സി സി മുകുന്ദന്‌റെ അവസ്ഥ നേരിട്ട് കണ്ടപ്പോഴാണ് മനസ്സിലായതെന്നും പാര്‍ട്ടി കൂടെയുണ്ടാകുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.

ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ എംഎല്‍എ ചവിട്ടിയതോടെ തെന്നി വീണ് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അന്തരിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. പതിനഞ്ച് ദിവസം പൂര്‍ണ്ണവിശ്രമം വേണം.

അതേ സമയം സിപിഐ നേതാവായ മുകുന്ദന്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. നേരത്തെ നടന്ന സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തില്‍ നിന്നും സി സി മുകുന്ദന്‍ ഇറങ്ങിപ്പോയത് വിവാദമായിരുന്നു. ജില്ലാ കൗണ്‍സിലിലില്‍ നിന്നും എംഎൽഎ കൂടിയായ മുകുന്ദനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുകുന്ദൻ സമ്മേളനം തീരാൻ കാത്ത് നിൽക്കാതെ മടങ്ങിയത്. പിന്നാലെ ചില പാര്‍ട്ടി നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.

content highlights: revenue minister k rajan meets nattika mla c c mukundan

dot image
To advertise here,contact us
dot image