കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി;നാട്ടിക എംഎൽഎ സിസി മുകുന്ദൻ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി

നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് നേതൃത്വം ഒഴിവാക്കിയിരുന്നു

dot image

തൃശ്ശൂർ: കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പത്താം തീയതി ഇരിങ്ങാലക്കുടയിൽ കൊടിയുയർന്ന സിപിഐ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അം​ഗീകരിക്കുകയായിരുന്നു. നിലയിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. ശിവാനന്ദന് പകരം വി എസ് സുനിൽ കുമാർ, ടി ആർ രമേഷ് കുമാ‍ർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു വിഭാ​ഗം നിർദ്ദേശിച്ചിരുന്നു.

നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് നേതൃത്വം ഒഴിവാക്കിയിരുന്നു. ജില്ലാ സമ്മേളനത്തിൽ മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുകുന്ദനും പാർട്ടിയുമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായഭിന്നത നിലനിന്നിരുന്നു. ജില്ലാ കൗൺലിലിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ നാട്ടിക എംഎൽഎ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ ഇറങ്ങിപ്പോയതല്ല അഭിപ്രായം പറഞ്ഞ് പോരുകയായിരുന്നു എന്നായിരുന്നു സി സി മുകുന്ദൻ്റെ പ്രതികരണം. കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ വിഷമമില്ലെന്നും സി സി മുകുന്ദൻ എം എൽ എ വ്യക്തമാക്കി.

തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ നടന്ന ഭാരത് മാതാ മുദ്രാവാക്യത്തിനെതിരെ നേരത്തെ സിപിഐ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഭാരത് മാതാ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്നും മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ദുർബലനായ സെക്രട്ടറിയാണ് ബിനോയ് വിശ്വം എന്നുമായിരുന്നു വിമർശനം. സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയും വിമർശനം ഉയർന്നിരുന്നു.

താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം സജീവമല്ലെന്ന വിമർശനവും പ്രതിനിധികൾ ഉന്നയിച്ചിരുന്നു. തുടർച്ചയായുള്ള അധികാരം പ്രവർത്തകരെ സജീവമല്ലാതാക്കിയെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇരിങ്ങാലക്കുടയിലാണ് സിപിഐയുടെ തൃശ്ശൂർ ജില്ലാ സമ്മേളനം നടക്കുന്നത്. ജൂലൈ 11ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പി കെ ചാത്തൻ മാസ്‌റ്റർ നഗറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വമാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. സമ്മേളനം 13 വരെ തുടരും. 395 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Content Highlights: K G Sivanandan, CPI Thrissur District Secretary

dot image
To advertise here,contact us
dot image