
തിരുവനന്തപുരം: ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ശനിയാഴ്ച അവധി. അങ്കണവാടി, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
അതേ സമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നതിനാലാണ്.
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ഇതാണ് സംസ്ഥാനത്തെ വീണ്ടും മഴ ശക്തമാക്കാനുള്ള കാരണം. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. വയനാട്ടിൽ മഴയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ വയനാട് ബാണാസുരസാഗർ ഡാമിലെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തി. 15 സെന്റിമീറ്ററിൽ നിന്ന് 30 ആയിട്ടായാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഡാമിൻറെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ കാസർകോട് ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. 28-ാം തിയതി വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളില്‍ വ്യാപകനാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി. പാലക്കാട് കാരാകുറുശ്ശി അയ്യപ്പൻകാവിന് സമീപത്ത് ശക്തമായ കാറ്റ് മൂലം കെട്ടിടത്തിൻ്റെ മേൽക്കൂര പറന്നു സമീപത്തെ വീടിന് മുന്നിൽ വീണു. കനത്ത മഴയിലും കാറ്റിലും കല്ലടിക്കോട് മേലെമഠത്ത് വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാസു, ജാനകി, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരം വീണു ഇവരുടെ ദേഹത്തേക്ക് ഓടുകൾ വീഴുകയായിരിന്നു. വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.
ശക്തമായ കാറ്റിൽ പാലക്കാട് അട്ടപ്പാടി താവളത്തു ഹോട്ടലിന്റെ മേൽകൂര പറന്നുപോയി. വൈകീട്ട് നാലുമണിയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് വൻഅപകടം ഒഴിഞ്ഞത്. മണ്ണാർക്കാട് ചിറക്കപ്പടിയിൽ ഫുട്ബോൾ ടർഫിനോട് ചേർന്ന് മേൽക്കൂര തകർന്നു വീണു. ഒറ്റപ്പാലത്ത് മരങ്ങൾ കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണ് വൈദ്യുതി തടസമുണ്ടായിരുന്നു. ഒറ്റപ്പാലം നഗരസഭ, പനമണ്ണ, വാണിയംകുളം, കോതകുറുശി ഭാഗങ്ങളിലാണ് സംഭവം.
Content Highlights: Heavy Rain Alert in Kerala, Holiday For Educational Institutions in 3 Districts, Orange Alert for 7 Districts