കനത്ത മഴ തുടരുന്നു: ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; വിവിധയിടങ്ങളില്‍ വ്യാപകനാശഷ്ടങ്ങള്‍ രേഖപ്പെടുത്തി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

dot image

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‌റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കനത്തമഴ തുടരവേ വിവിധയിടങ്ങളില്‍ വ്യാപകനാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി. മാനന്തവാടി-കണ്ണൂര്‍ റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബോയ്‌സ് ടൗണിന് സമീപമാണ് മരം കടപുഴകി വീണത്. അഗ്‌നിശമന സേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ഉപ്പുതറയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കോതപാറ ലതയുടെ വീടിന്റെ മുകളിലേക്ക് ഈട്ടി മരം കടപുഴകി വീഴുകയായിരുന്നു. വീടിന്റെ ഷീറ്റുകള്‍ തകരുകയും ചുമരുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രാജക്കാട് മുല്ലക്കാനത്ത് കനത്ത കാറ്റില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മുകളേല്‍ ബെറ്റി സാബുവിന്റെ വീടാണ് തകര്‍ന്നത്.

Also Read:

അതേ സമയം ഇടുക്കി പൊന്‍മുടി ഡാം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. മൂന്ന് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. മുതിരപ്പുഴ ആറിന്റെ തീരത്ത് ഉള്ളവര്‍ക്ക് അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം ജില്ലയിലും കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റില്‍ കോട്ടയത്ത് കുമരകം റോഡില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കുമരകം ചൂള പുത്തന്‍ റോഡിന് സമീപമാണ് തണല്‍മരം കടപുഴകിയത്.

ഇതേ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. വൈക്കത്തെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ് പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഗതാഗതം തടസപ്പെട്ടതോടെ കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുത്തന്‍ റോഡ് മഞ്ചിറ വഴി പൊലീസിന്റെ നേതൃത്വത്തില്‍ വഴിതിരിച്ചുവിട്ടു.പത്തനംതിട്ട റാന്നിയില്‍ ശക്തമായ കാറ്റില്‍ തേക്കുമരം റോഡിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. റാന്നി അങ്ങാടിയിലാണ് തേക്കുമരം കടപുഴകി വീണത്.

content highlights: kerala rain alert; orange alert in six districts

dot image
To advertise here,contact us
dot image