
തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജയിലിൽ കുറ്റവാളികൾക്ക് സിപിഐഎം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. ഗോവിന്ദചാമിയെ രക്ഷപ്പെടാൻ സഹായിച്ചതാരാണെന്നത് അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ബിജെപി നേതാവിൻ്റെ പ്രതികരണം.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും, പിടികൂടലും അടക്കമുള്ള സംഭവങ്ങളിൽ അത്ഭുതപ്പെടാനില്ല. മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. എങ്കിൽക്കൂടി വീഴ്ചയുടെ എല്ലാ പരിധികളും ലംഘിക്കുന്നതായി, അതീവ സുരക്ഷയുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഈ രക്ഷപ്പെടൽ.
കേരളം ചർച്ച ചെയ്ത ഏറ്റവും പ്രമാദമായൊരു കേസിലെ പ്രതി, ജയിലിലെ സുരക്ഷാ മതിൽക്കെട്ടുകൾ എങ്ങനെ നിസ്സാരം മറികടന്നു എന്നത് വലിയൊരു ചോദ്യമാണ്. കാരണം ഇയാൾ ശാരീരിക വെല്ലുവിളികൾ നേരിടുന്നൊരാൾ കൂടിയാണ്. ഗോവിന്ദച്ചാമി സ്വയം രക്ഷപ്പെടുകയായിരുന്നോ, അതോ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ജയിലധികൃതരുടെ വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം 'കുറ്റവാളിയെ വീരോചിതമായി പിടികൂടി' എന്ന വീമ്പിളക്കൽ അതീവ ലജ്ജാകരമാണ്!
ജയിലിൽ കുറ്റവാളികൾക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരിക്കുകയാണ് സിപിഐഎം നേതാക്കൾ. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഒരാഴ്ച മുമ്പ്, കണ്ണൂർ സെൻട്രൽ ജയിലിലെ ഇതേ ഉദ്യോഗസ്ഥരാണ് 2009ലെ കാരണവർ വധക്കേസിലെ ജീവപര്യന്തം തടവുകാരിയായ ഷെറിന്റെ മോചനത്തിന് തിടുക്കത്തിൽ സൗകര്യമൊരുക്കിക്കൊടുത്തത്. ഭരണപക്ഷത്തിൻ്റെ വനിതാ നേതാക്കളടക്കം, സിപിഐഎമ്മിന് മുൻതൂക്കമുള്ള സമിതി നല്കിയ നല്ലനടപ്പ് സർട്ടിഫിക്കറ്റാണ് ഷെറിൻ്റെ മോചനം വേഗത്തിലാക്കിയത്.
നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന സാധാരണ പൗരന്മാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. വർഷങ്ങളുടെ രാഷ്ട്രീയവല്ക്കരണത്തിൻ്റെ ഫലമായി നമ്മുടെ പൊലീസ് സംവിധാനത്തിലുണ്ടായ നിലവാരത്തകർച്ച കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇതിന് മാറ്റമുണ്ടായെ തീരൂ.
ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഇയാളെ പൊലീസ് കണ്ണൂർ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തത്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി.
സെല്ലിൽ നിന്നിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയില്‍ചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂര്‍ പൊലീസിന് വിവരം കൈമാറിയതും.
Content Highlights: Rajeev Chandrasekhar Says CPIM Provides all Facilities to Criminals in Jail