
കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ടെത്താനായത് ഉണ്ണികൃഷ്ണൻ എന്ന മുൻ സൈനികന്റെ സമയോചിതമായ ഇടപെടൽ മൂലം. സംശയം തോന്നി കെട്ടിടത്തിന്റെ കിണറ്റിൽ നോക്കിയപ്പോഴാണ് ഉണ്ണികൃഷ്ണൻ ഗോവിന്ദച്ചാമിയെ കണ്ടത്. തന്നെ കണ്ടെത്തി എന്നറിഞ്ഞപ്പോൾ ഗോവിന്ദച്ചാമി 'മിണ്ടിയാൽ കൊല്ലുമെന്ന്' പറഞ്ഞ് ഉണ്ണികൃഷ്ണനെ ഭീഷണിപ്പെടുത്തി. എന്നാൽ അതിലൊന്നും പതറാതെ ഉണ്ണികൃഷ്ണൻ പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
ഗോവിന്ദച്ചാമി ജയിൽച്ചാടി എന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഉണ്ണികൃഷ്ണൻ നാട്ടുകാരോടൊപ്പം തിരച്ചിലിനിറങ്ങിയിരുന്നു. ഇടയ്ക്ക് കൊടുംകുറ്റവാളി പിടിയിലായി എന്ന വാർത്ത പരന്നപ്പോൾ ഉണ്ണികൃഷ്ണനും പൊലീസും വിവരം ലഭിച്ചയിടത്തേക്ക് തിരിച്ചു. എന്നാൽ അത് തെറ്റായിരുന്നുവെന്ന് തെളിഞ്ഞപ്പോൾ ഉണ്ണികൃഷ്ണൻ ആദ്യം തിരച്ചിൽ നടത്തിയിരുന്നയിടത്തേക്ക് തിരിച്ചുവന്നു. തുടർന്ന് സംശയം തോന്നി പരിസരങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റിൽ, കയറിൽ പിടിച്ചുതൂങ്ങിയ നിലയിൽ ഗോവിന്ദച്ചാമിയെ കണ്ടത്. തന്നെ കണ്ടെന്ന് മനസ്സിലാക്കിയതോടെ ഗോവിന്ദച്ചാമി ആളുകളെ വിളിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഉണ്ണികൃഷ്ണന്‍ നാട്ടുകാരെയും പൊലീസിനെയും വിളിച്ചുകൂട്ടി.
അതേസമയം, ഗോവിന്ദച്ചാമിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ജയിൽ ചാടിയ ഉടൻതന്നെ താൻ പദ്ധതിയിട്ടത് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനും അവിടെനിന്ന് നാടുവിടാനുമാണ് എന്ന് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. അതിന് മുൻപ് മോഷണം നടത്താനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതി. വീടുകൾക്ക് സമീപമെത്തിയത് മോഷണം ലക്ഷ്യമിട്ടാണ്. എന്നാൽ നേരം വെളുത്തതോടെ ലക്ഷ്യം പാളി. പിന്നീട് ആളുകൾ തിരിച്ചറിയും എന്നായതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും കിണറ്റിൽ ഒളിച്ചിരിക്കുകയുമായിരുന്നു.
ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. ഹാക്സോ ബ്ലേഡ് കൈക്കലാക്കി സെല്ലിന്റെ ഇരുമ്പുകമ്പി മുറിച്ചു. തുടർന്ന് ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തി. പത്രങ്ങളും ഡ്രമ്മും നിരത്തിവെച്ച ശേഷം തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. പിന്നീട് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. ഇയാളെ പൊലീസ് കണ്ണൂർ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി.
Content Highlights: Unnikrishnan, describes how he found govindachamy