ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം

dot image

കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു.

ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഇയാളെ പൊലീസ് കണ്ണൂർ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തത്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി.

 സെല്ലിൽ നിന്നിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയില്‍ചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂര്‍ പൊലീസിന് വിവരം കൈമാറിയതും.

Content Highlights: Govindachamy to be transferred from Kannur Central Jail to Viyyur central Jail

dot image
To advertise here,contact us
dot image