ഗോവിന്ദച്ചാമി റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

വിയ്യൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയില്‍ മേധാവി പിന്നീട് തീരുമാനമെടുക്കും

dot image

കണ്ണൂര്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്. രണ്ടാഴ്ചത്തേക്ക് ഗോവിന്ദച്ചാമിയെ റിമാന്‍ഡ് ചെയ്തു. ജയില്‍ ചാടിയ കുറ്റത്തിലാണ് റിമാന്‍ഡ് ചെയ്തത്. വിയ്യൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയില്‍ മേധാവി പിന്നീട് തീരുമാനമെടുക്കും. ഗോവിന്ദച്ചാമിയുമായുളള തെളിവെടുപ്പ് പൂര്‍ത്തിയായി. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.

ഹാക്‌സോ ബ്ലേഡ് അന്തേവാസിയില്‍ നിന്നാണ് ലഭിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ജയില്‍ മോചിതരാവയവരുടെ തുണികള്‍ ശേഖരിച്ച് വടമുണ്ടാക്കി. ഫെന്‍സിങ്ങിന്റെ തൂണില്‍ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളില്‍ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

Govindachamy
ജയിൽച്ചാടിയ ഗോവന്ദച്ചാമി കിണറ്റിൽ ഒളിച്ചിരിക്കുന്നു

പുലര്‍ച്ചെ ഒന്നേകാലോടെ സെല്ലില്‍ നിന്നിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു.

ഗോവിന്ദച്ചാമിയാണ് ചാടിപ്പോയതെന്ന് സെല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയില്‍ചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂര്‍ പൊലീസിന് വിവരം കൈമാറിയതും.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Govindachamy remanded

dot image
To advertise here,contact us
dot image