തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു; അച്ഛന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും: വി എ അരുണ്‍ കുമാര്‍

'തിങ്കളാഴ്ച ഉച്ചയോടെ ആരോഗ്യനില കൂടുതല്‍ മോശമായി. പെട്ടെന്ന് കാര്യങ്ങൾ കൈവിട്ടുപോയി'

dot image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ പ്രതികരിച്ച് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ ആരോഗ്യനില കൂടുതല്‍ മോശമായി. കണ്‍ട്രോളില്‍ നില്‍ക്കില്ല എന്ന അവസ്ഥയായി. ആര് ചോദിക്കുമ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്. പെട്ടെന്നാണ് കാര്യങ്ങള്‍ കൈവിട്ടുപോയതെന്നും അരുണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അച്ഛനെ സ്‌നേഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ അവസാന യാത്രയില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞോ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കഴിഞ്ഞോ എന്ന് അറിയില്ലെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു. വലിയ ചുടുകാട് എത്തും വരെ ആളുകള്‍ കാത്തുനിന്ന് സ്വീകരിച്ചു. അച്ഛന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അത് അംഗീകരിക്കാന്‍ കുറച്ചു സമയമെടുക്കുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

വി എസിന്റെ വിയോഗത്തിന് പിന്നാലെ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലര്‍ത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയെന്നും അരുണ്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. രോഗശയ്യയില്‍ കിടക്കുന്ന അച്ഛനെ കാണാന്‍ താല്‍പ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നതിനാല്‍ അന്ത്യ നാളുകളില്‍ ആരെയും കാണാന്‍ അനുവദിക്കാന്‍ കഴിഞ്ഞില്ല. പലര്‍ക്കും ഇക്കാര്യത്തില്‍ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയില്‍ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ടെന്നും അരുണ്‍ കുമാര്‍ പറഞ്ഞിരുന്നു.

21ന് വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. തുടര്‍ന്ന് വന്‍ ജനാവലിയുടെ അകമ്പടിയോടെ ഇന്നലെ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ അടക്കം അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട്ടില്‍ വി എസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.

Content Highlights- V A Arun kumar reaction on v s achuthanandan death

dot image
To advertise here,contact us
dot image