മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്

മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്
dot image

കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. പൊലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി എസ്‌ഐ എം സി പവനാണ് അന്വേഷണ ചുമതല.

യുവതിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച തുണിക്കഷ്ണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് കഷ്ണം തുണിയാണ് ശരീരത്തില്‍ നിന്ന് ലഭിച്ചത്. ഇതില്‍ ഒന്ന് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു.

ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ 21കാരിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തി ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്‌നം എന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.

ഇതിന് ശേഷവും യുവതിക്ക് വയറുവേദന അനുഭവപ്പെട്ടു. ഇതിനിടെ ഡിസംബര്‍ 29ന് ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവരികയും ദുര്‍ഗന്ധം അനുഭവപ്പെടുകയുമായിരുന്നു. രക്തസ്രാവം തടയാന്‍വെയ്ക്കുന്ന തുണി പുറത്തെടുക്കാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് പിന്നാലെ യുവതി മന്ത്രി ഒ ആര്‍ കേളുവിനും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

Content Highlight; Case Registered Over Medical Negligence Complaint Against Mananthavady Medical College

dot image
To advertise here,contact us
dot image