

റയൽ മാഡ്രിഡിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങി സാബി അലോൺസോ. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സലോണയോടേറ്റ തോൽവിക്ക് പിന്നാലെയാണ് പടിയിറക്കം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ തോൽവി.
ഏഴ് മാസങ്ങൾക്ക് മുമ്പാണ് റയലിന്റെ പരിശീലകനായി സാബി എത്തുന്നത്. 2028 ജൂണ്‍ 30 വരെ മൂന്നുവര്‍ഷത്തെ കരാറായിരുന്നു അലോണ്‍സോയ്ക്ക് റയലുമായുണ്ടായിരുന്നത്. ബയേർ ലെവർകുസനിനൊപ്പമുള്ള മികച്ച പ്രകടനമാണ് മുൻ റയൽ താരത്തെ ബെർണബ്യുവിലെത്തിക്കുന്നത്.
ക്ലബ് വേൾഡ് കപ്പ് സെമിഫൈനലിലേക്ക് ടീമിനെ നയിച്ച് തുടങ്ങിയ അദ്ദേഹം വലിയ പ്രതീക്ഷകളാണ് ക്ലബിന് നൽകിയത്. അദ്ദേഹത്തിന് കീഴിൽ ആദ്യ 14 മത്സരങ്ങളിൽ 13 മത്സരവും ജയിച്ചു. എന്നാൽ താരങ്ങളുടെ ഫോമും പരിക്കും വെല്ലുവിളിയായി. വിനീഷ്യസ് ജൂനിയർ അടക്കമുള്ള താരങ്ങളുമായുള്ള ബന്ധം വഷളായതും വിനയായി.
തുടർച്ചയായി മത്സരങ്ങൾ തോറ്റു. സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ചിരവൈരികളായ ബാഴ്‌സലോണയെ തോൽപ്പിക്കാനായെങ്കിലും ലാലിഗ പോയത് ടേബിളിൽ ബാഴ്‌സയോട് നാല് പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാമതായി. ഏറ്റവുമൊടുവിൽ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ തോൽക്കുകയും ചെയ്തു.
അതേ സമയം ക്ലബിന്റെ പുതിയ പരിശീലകനായി അൽവാരോ അർബേലോവയെ റയൽ നിയമിച്ചു. 2025 മുതൽ റയലിന്റെ ബി ടീമിന്റെ പരിശീലകനാണ് അർബേലോവ.
Content Highlights: Xabi Alonso leaves Real Madrid by mutual consent after spanish supercup lose