വി എസ് അന്ത്യവിശ്രമം കൊളളുക പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കൊപ്പം; വലിയ ചുടുകാടിന്റെ കഥ

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്ന ഇടമാണ് വലിയ ചുടുകാട്

dot image

ആലപ്പുഴ: കേരളത്തിന്റെ സമരനായകന്‍ വി എസ് അച്യുതാനന്ദന്റെ അന്ത്യവിശ്രമം പുന്നപ്ര സമരനായകര്‍ അന്ത്യവിശ്രമം കൊളളുന്ന വലിയ ചുടുകാട് ശ്മശാനത്തില്‍. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്തായിരിക്കും വിഎസിന്റെ സംസ്‌കാരം നടക്കുക. സ്മാരകത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി പ്രത്യേകം വേര്‍തിരിച്ച ഭൂമിയുണ്ട്. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്ന ഇടമാണ്. പുന്നപ്ര സമരനേതാവായിരുന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയ നേതാക്കള്‍ അന്ത്യവിശ്രമം കൊളളുന്ന സ്ഥലം. അവിടെ ഇപ്പോഴിതാ വിഎസിന് വിശ്രമിക്കാനും സ്ഥലമൊരുങ്ങുകയാണ്.

വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിലെ ഇടതുഭാഗത്താണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്കായുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാമച്ചവും വിറകും കൊതുമ്പും മാത്രമാണ് ചിതയ്ക്കായി ഉപയോഗിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചതിനുശേഷം വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ പകരും. മറ്റ് ചടങ്ങുകളൊന്നുമുണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് നില്‍ക്കാനായി പ്രത്യേകം പന്തല്‍ ഒരുക്കിയിട്ടുണ്ട്.

നിരവധി വിപ്ലവ പോരാളികള്‍ അന്ത്യവിശ്രമം കൊളളുന്ന വലിയ ചുടുകാട്ടിലാണ് വിഎസിനും വിശ്രമസ്ഥാനമൊരുങ്ങുന്നത്. വിഎസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേര്‍ന്നതാണ് വലിയ ചുടുകാടിന്റെ ചരിത്രം. വിഎസിന് അറിയുന്നവരും വി എസിനെ അറിയുന്നവരുമെല്ലാം രക്തസാക്ഷികളായി. വിഎസിലെ നേതാവിനെ കണ്ടെത്തിയ പി കൃഷ്ണപിളള, പോരാട്ടങ്ങള്‍ക്ക് തോളോടു തോള്‍ ചേര്‍ന്നുനിന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍, പികെ വിജയന്‍, സൈമണ്‍ ആശാന്‍, എന്‍ ശ്രീധരന്‍, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, സി കെ ചന്ദ്രപ്പന്‍ തുടങ്ങി തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് ഊടും പാവും പകര്‍ന്ന സമുന്നതര്‍ക്കൊപ്പം വി എസും ഇനിയവിടെ വിശ്രമിക്കും.

ജൂലൈ 21 വൈകുന്നേരം മൂന്നരയോടെയാണ് വി എസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തുനിന്നും വി എസിന്റെ ഭൌതിക ശരീരവുമായി പുറപ്പെട്ട വിലാപയാത്ര കൊല്ലം ജില്ല കടന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് വേലിക്കകത്ത് വീട്ടിലെത്തിച്ചത്.  ഇന്നലെ രാത്രി വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനുശേഷമായിരിക്കും വലിയ ചുടുകാട്ടിലേക്ക് എത്തിക്കുക.

Content Highlights: VS Achuthanandan to final rest with punnapra vayalar martyrs in valiya chudukadu alappuzha

dot image
To advertise here,contact us
dot image