'ഇല്ലാ സഖാവ് മരിക്കുന്നില്ല'; വി എസിന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് ജനസാഗരം; വിലാപയാത്ര കൊല്ലം ജില്ലയില്‍

വി എസിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി ഒന്‍പത് മണിയോടെ ആലപ്പുഴയിലെ വസതിയില്‍ എത്തേണ്ടതായിരുന്നു

dot image

കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചിരിക്കുന്നത്. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനസാഹരമാണ് തിരുവനന്തപുരത്തും കൊല്ലത്തുമായി ഒഴുകിയെത്തിയത്. മഴയെ പോലും വകവെയ്ക്കാതെ 'കണ്ണേ… കരളേ വി എസ്സേ' എന്ന മുദ്രാവാക്യവുമായി ജനക്കൂട്ടം റോഡിന് ഇരുവശത്തുമായി തടിച്ചുകൂടി. വി എസിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി ഒന്‍പത് മണിയോടെ ആലപ്പുഴയിലെ വസതിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ വിലാപയാത്ര മണിക്കൂറുകള്‍ നീളുകയാണ്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് വി എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ വി എസിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇവിടെ നിന്ന് ഉച്ചയോടെയാണ് ആലപ്പുഴയിലേക്ക് വിലാപയാത്ര ആരംഭിച്ചത്. പത്ത് മണിക്കൂറോളമെടുത്താണ് വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. നാളെ രാവിലയോടെ വിലാപയാത്ര ആലപ്പുഴയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.

ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍.

സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Content Highlights- Mourning journey of V S Achuthanandan enter in kollam district

dot image
To advertise here,contact us
dot image