വി എസ് എന്ന രണ്ടക്ഷരത്തിന്റെ കരുത്തറിയാതെ ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കൾ ആ പണി തുടരും: പി എം ആർഷോ

'ആ കാവ്യങ്ങള്‍ കൂടി കണ്ട് ചിരിച്ചാണ് നമ്മളെയാകെ കരയിച്ചയാള്‍ യാത്രയാകുന്നത്'

dot image

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അവസാന കമ്മ്യൂണിസ്റ്റ് എന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഇനിയും ജനിക്കാനിരിക്കുന്ന എത്രയോ തലമുറകളെ ചെങ്കൊടിയേന്തി നേരിന്റെ പടപ്പാട്ടുകാരാക്കാന്‍ കരുത്തുള്ള മന്ത്രാക്ഷരങ്ങളാണ് വി എസ് എന്ന രണ്ടക്ഷരങ്ങളെന്നറിയാതെ 'ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കള്‍' ആ പണി തുടരുമെന്ന് ആര്‍ഷോ പറഞ്ഞു. അവര്‍ക്ക് കൃഷ്ണപിള്ളയും ഇഎംഎസും നായരാനും അവസാന കമ്മ്യൂണിസ്റ്റ് ആയിരുന്നു. ആ കാവ്യങ്ങള്‍ കൂടി കണ്ട് ചിരിച്ചാണ് നമ്മളെയാകെ കരയിച്ചയാള്‍ യാത്രയാകുന്നതെന്നും ആര്‍ഷോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'മഹാമേരുകണക്കൊരു മനുഷ്യന്‍ നൂറ്റാണ്ട് നീണ്ട കലഹത്തിനൊടുക്കം വിശ്രമത്തിലാണ്. ജന്മിത്വത്തിനെതിരെ, സാമ്രാജ്യത്വത്തിനെതിരെ, മുതലാളിത്തത്തിനെതിരെ ഒരു നൂറ്റാണ്ടില്‍ കണ്‍മുന്നില്‍ തെളിഞ്ഞ സര്‍വമനുഷ്യത്വ വിരുദ്ധതയ്ക്കുമെതിരെ കെടാതാളിയ സമരത്തിന് അയാളുടെ സഖാക്കള്‍ നല്‍കുന്ന അഭിവാദ്യങ്ങള്‍ ആ കാതുകളില്‍ നിശ്ചയമായും തിര കണക്കാര്‍ത്തലയ്ക്കുന്നുണ്ടാകും. തന്റെ സ്വതസിദ്ധമായ ശൈലിയിലൊരു മന്ദഹാസമെടുത്തണിഞ്ഞ് ആ മുദ്രാവാക്യങ്ങള്‍ക്ക് സഖാവ് പ്രത്യഭിവാദ്യങ്ങള്‍ നേരുന്നുണ്ടായിരിക്കും.

മണിക്കൂറുകള്‍ക്കപ്പുറം ആ സമരശരീരം സര്‍ സി പി യുടെ ചോറ്റുപട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ് ചിതറിത്തെറിച്ച രക്തസാക്ഷികളുടെ പച്ചമാംസത്തിന്റെ ഗന്ധം അലയടിക്കുന്ന വലിയ ചുടുകാട്ടില്‍ തന്റെ പ്രിയ സഖാവ് കൃഷ്ണപിള്ളയോടും പുന്നപ്രയിലെ സമരധീരരോടും കൂട്ടുചേരും. വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന മനുഷ്യരുടെ കണ്ഠങ്ങളത്രയും മുദ്രാവാക്യങ്ങളെ കെട്ടഴിച്ചുവിടാന്‍ കണ്ണുനീരിന്റെ അലിവിനായ് കാക്കുന്നത് കാണുന്നില്ലേ നിങ്ങള്‍?

ആറ് വയസ്സുകാരന്‍ മുതല്‍ നൂറുവയസ്സുകാരി വരെ അയാളുടെ മുദ്രാവാക്യങ്ങള്‍ക്ക് കൂട്ടായിരിക്കുമെന്ന് തെരുവിലാവര്‍ത്തിക്കുന്നു.

എത്ര തലമുറകളെയാണയാള്‍ പ്രചോദിപ്പിച്ചത്. എത്ര ജനസഞ്ചയങ്ങളെയാണയാള്‍ ആവേശഭരിതരാക്കിയത്… എത്ര മനുഷ്യരെയാണയാള്‍ ശരികേടുകള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടാന്‍ പ്രാപ്തരാക്കിയത്. ഇനിയുമെത്ര പോരാട്ടങ്ങള്‍ക്കൂര്‍ജമാണയാള്‍.

ഇനിയും ജനിക്കാനിരിക്കുന്ന എത്രയോ തലമുറകളെ ചെങ്കൊടിയേന്തി നേരിന്റെ പടപ്പാട്ടുകാരാക്കാന്‍ കരുത്തുള്ള മന്ത്രാക്ഷരങ്ങളാണ് വി എസ് എന്ന രണ്ടക്ഷരങ്ങളെന്നറിയാതെ 'ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കള്‍' ആ പണി തുടരും. അവര്‍ക്ക് കൃഷ്ണപിള്ള ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് ആയിരുന്നു, എ കെ ജി ഒടുവിലത്തെ കമ്മ്യൂണിസ്റ്റായിരുന്നു, ഇഎംഎസ് ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് ആയിരുന്നു, നായനാരും കോടിയേരിയും ഒടുവിലത്തെ കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു. ആ കാവ്യങ്ങള്‍ കൂടി കണ്ട് ചിരിച്ചാണ് നമ്മളെയാകെ കരയിച്ചയാള്‍ യാത്രയാകുന്നത്. അന്ത്യാഭിവാദ്യങ്ങള്‍ പോരാളി.അങ്ങ് കൊളുത്തിയ സമരാഗ്‌നി ഞങ്ങള്‍ കെടാതെ കാക്കും. കൈമാറും.'

ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Content Highlights- P M Arsho facebook post against spreading fake information about v s achuthanandan

dot image
To advertise here,contact us
dot image