
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവുമായി ആലപ്പുഴയിലേക്ക് പോകുന്ന വിലാപ യാത്ര ഇതുവരെ സഞ്ചരിച്ചത് 23 കി.മീ മാത്രം. നിലവില്‍ വിലാപയാത്ര മംഗലാപുരത്ത് എത്തിചേര്‍ന്നിട്ടുണ്ട്. അടുത്തത് ചെമ്പകമംഗലമാണ്. പരാവധി വേഗതയില്‍ പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടം കൂടി വരുന്നത് വിലാപയാത്രയുടെ വേഗതയും മന്ദഗതിയിലാക്കിയിട്ടുണ്ട്. കനത്ത ജനാവലിയാണ് പ്രിയ സഖാവിനെ കാണാന്‍ വഴിയില്‍ കാത്ത് നില്‍ക്കുന്നത്. ഇനിയും പുന്നപ്രയിലേക്ക് 133 കിലോമീറ്റര്‍ ദൂരം ഉണ്ട്. വിലാപയാത്ര പുറപ്പെട്ടിട്ട് ഇതുവരെ 6 മണിക്കൂറിന് മുകളില്‍ ആയി.
കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസ്സിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വിഎസ്സിന്.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
Content Highlights- Mourning procession in Mangalapuram; 133 km to Punnapra