'ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറെടുത്തൊരു വിലാപയാത്ര' മുഷ്ടി ചുരുട്ടി, തൊണ്ടയിടറാതെ സഖാക്കൾ

ജനത്തിരക്ക് കാരണം വിലാപയാത്ര ആറ് കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍ സമയമാണ്

dot image

തിരുവനന്തപുരം: പ്രിയ സഖാവ് വി എസ് അച്യുതാനന്ദന് അവസാനമായി റെഡ് സല്യൂട്ട് നേരാന്‍ തലസ്ഥാനത്ത് വന്‍ ജനാവലി. ആലപ്പുഴയിലെ പുന്നപ്രയിലെ വേലികകത്ത് വീട്ടിലേക്ക് ഇന്ന് വൈകിട്ടോടെ വി എസിനെ എത്തിക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അന്ത്യയാത്രയില്‍ പങ്കുചേരാന്‍ ജനസാഗരം ഒഴുകിയെത്തിയതോടെ ഇനിയും വൈകുമെന്നത് വ്യക്തമായി. ജനതിരക്ക് കാരണം വിലാപയാത്ര ആറ് കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍ സമയമാണ്. എന്നിട്ടും വിലാപയാത്ര കാര്യവട്ടത്ത് എത്തിനില്‍ക്കുമ്പോഴും തൊണ്ടയിടറാതെ അണികള്‍ മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി നിര്‍ത്താതെ മുദ്രാവാക്യം വിളിക്കുകയാണ്. ആലപ്പുഴയിലെ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.

കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസ്സിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വിഎസ്സിന്.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Content Highlights- V S Achuthanandan's mourning journey takes three hours to cover six kilometers

dot image
To advertise here,contact us
dot image