
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അവസാന കമ്മ്യൂണിസ്റ്റ് എന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഒരു കമ്മ്യൂണിസ്റ്റ് തലമുറയെ ചെങ്കൊടിയും പ്രസ്ഥാനവും ആശയങ്ങളും ഏല്‍പ്പിച്ചാണ് വി എസ് അച്യുതാനന്ദന്‍ യാത്രയാവുന്നതെന്ന് എം ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
തങ്ങളെ പോലെ ലക്ഷകണക്കിന് വരുന്ന പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ് വി എസ് അച്യുതാനന്ദന്‍ എന്ന് ശിവപ്രസാദ് പറഞ്ഞു. വി എസും കമ്മ്യൂണിസ്റ്റ് ആശയങ്ങളും തങ്ങളിലൂടെ ജീവിക്കുകയാണെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ
ദാ... അവസാന കമ്മ്യൂണിസ്റ്റ് നേതാവ് യാത്രയാവുന്നു എന്ന് സ. വി എസിനെ നോക്കി ചില രാഷ്ട്രിയ നിരീക്ഷകരുടെ പ്രതികരണം കണ്ടു. എന്താണ് ഇവർ പറയാൻ ശ്രമിക്കുന്നത്. സ. വി എസ് അങ്ങനെ തോറ്റുപോയൊരു കമ്മ്യൂണിസ്റ്റ് നേതാവേ അല്ല. സഖാവ് വാർത്തെടുത്ത ഒരു കമ്മ്യൂണിസ്റ്റ് തലമുറയെ ചെങ്കൊടിയും പ്രസ്ഥാനവും ആശയങ്ങളും ഏൽപ്പിച്ചാണ് അദ്ദേഹം യാത്രയാവുന്നത്. നിങ്ങൾ ഈ കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ. ഈ ഇരമ്പിയാർത്ത് എത്തുന്നവരിൽ ഏറെയും സ. വി.എസ് ഉയർത്തിയ ആശയങ്ങൾ ഇന്ന് തെരുവുകളിൽ ഏറ്റു വിളിക്കുന്നവരാണ്. ഞങ്ങളെ പോലെ ലക്ഷകണക്കിന് വരുന്ന പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കുള്ള കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ് സ. വി എസ്
അതെ വി എസ് ഞങ്ങളിലൂടെ ജീവിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളും.
ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
Content Highlights- M Sivaprasad against spreading fake information about v s achuthanandan