
കൊല്ലം: ഒരു പുരുഷായുസ് മുഴുവന്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി മാറ്റിവെച്ച ആളായിരുന്നു വി എസ് അച്യുതാനന്ദനെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വി എസിന്റെ വേര്‍പാട് ആര്‍ക്കും സഹിക്കാനാകാത്തതാണെന്നും അദ്ദേഹത്തിന് പകരം മറ്റൊരാളെ ചൂണ്ടിക്കാണിക്കാനാവില്ലെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. വി എസിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുളള വിലാപയാത്രയില്‍ കൊല്ലത്തുവെച്ച് റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
'കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി സന്ധിയില്ലാ സമരം നടത്തിയ വ്യക്തിയാണ് വിഎസ്. ഭൂമാഫിയകള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ അദ്ദേഹം നടത്തി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടും ശക്തമായ ഇടപെടലുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന് കേരളത്തിലെ ജനങ്ങള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചു. എടുക്കുന്ന നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നയാളായിരുന്നു വിഎസ്. ഒരു പുരുഷായുസ് മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും മാറ്റിവെച്ച ആളായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ആര്‍ക്കും സഹിക്കാനാവാത്തതാണ്. ഇന്നലെ വിഎസിന്റെ മരണം അറിഞ്ഞ തൊട്ടടുത്ത നിമിഷം തന്നെ എകെജി സെന്ററിന്റെ നാലുചുറ്റും കൂടിയ ജനങ്ങളെ നാം കണ്ടു. കുടുംബങ്ങളെയും കൂട്ടിയാണ് ജനങ്ങള്‍ എത്തുന്നത്. സ്ത്രീകളാണ് റോഡരികുകളില്‍ കുഞ്ഞുങ്ങളെയും കൂട്ടി വിഎസിനെ ഒരുനോക്കു കാണാനായി എത്തുന്നത്. വിഎസിന് പകരം ഒരാളെ ചൂണ്ടിക്കാട്ടാനാകില്ല. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുപോലെ അംഗീകരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം'- ജെ ചിഞ്ചുറാണി പറഞ്ഞു.
അതേസമയം, വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചിരിക്കുന്നത്. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനസാഗരമാണ് തിരുവനന്തപുരത്തും കൊല്ലത്തുമായി ഒഴുകിയെത്തിയത്. മഴയെ പോലും വകവെയ്ക്കാതെ 'കണ്ണേ… കരളേ വി എസ്സേ' എന്ന മുദ്രാവാക്യവുമായി ജനക്കൂട്ടം റോഡിന് ഇരുവശത്തുമായി തടിച്ചുകൂടി. വി എസിന്റെ ഭൗതിക ശരീരം ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആലപ്പുഴയിലെ വസതിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ വിലാപയാത്ര മണിക്കൂറുകളായി നീളുകയാണ്.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് വി എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ വി എസിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അവിടെ നിന്ന് ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്ര ആരംഭിച്ചു. പത്ത് മണിക്കൂറോളമെടുത്താണ് വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെയോടെ വിലാപയാത്ര ആലപ്പുഴയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
Content Highlights: VS was a leader who dedicated his entire life to the people and the party says J Chinchurani