വിഎസ് സെക്രട്ടറിയുംമുഖ്യമന്ത്രിയും ഒക്കെയായിരുന്ന കാലത്ത് തന്നെയാണ് മുസ്‌ലിംസമുദായം അന്തസ്സോടെ ഇവിടെ ജീവിച്ചത്

അതേ സമയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്.

dot image

കോഴിക്കോട്: വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഒക്കെയായിരുന്ന കാലത്ത് തന്നെയാണ് മുസ്‌ലിം സമുദായം അന്തസ്സോടെ ഇവിടെ ജീവിച്ചു പോന്നതെന്ന് എഴുത്തുകാരനും ഗവേഷകനുമായ എം ലുഖ്മാന്‍. വി എസ് മുസ്‌ലിം വിരുദ്ധനാണെന്ന് ഒരു വിഭാഗം ആളുകള്‍ പ്രചരണം നടത്തവേയാണ് ലുഖ്മാന്റെ ഈ കുറിപ്പ്.

'വി എസിനു ആദരവുകള്‍. കടുത്ത വര്‍ഗീയവാദി എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കുന്നവരെ നിറയെ കാണുന്നുണ്ട്.

വി എസ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഒക്കെയായി ഇരുന്ന കാലത്ത് തന്നെയാണ്, മുസ്ലിം സമുദായം അന്തസ്സോടെ ഇവിടെ ജീവിച്ചുപോന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തിലെ മതേതരത്വം കൂടുതല്‍ ശക്തിയോടെ നിലനിന്നത്. സംഘപരിവാറിനോട്, വി എസ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സി പി എം സ്വീകരിച്ച നിശിതമായ നിലപാട് അതിനൊരു പ്രധാന നിമിത്തവുമാണ്.

പ്രായം എണ്‍പത് പിന്നിട്ട ശേഷം ഉപദേശകരുടെ ആധിക്യത്തില്‍ വി എസ് ഉണ്ടായിരുന്ന കാലത്ത്, വാക്കുകളില്‍ വന്ന ചില പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇപ്പോള്‍ യോഗിയുമായി തുലനം ചെയ്യുന്നവര്‍, ലക്ഷ്യം വെക്കുന്ന ഒരു കേരളം ഉണ്ട്. വര്‍ഗീയവാദികളുടെ സ്വരവും ശരീരവും കൂടുതല്‍ ദൃശ്യമാകുന്ന കേരളം. അതിനെ പ്രതിരോധിക്കുക എന്നതായിരിക്കണം വി എസിനു അര്‍പ്പിക്കുന്ന ആദരാഞ്ജലികളുടെ തുടര്‍ച്ചകള്‍ ആയി സംഭവിക്കേണ്ടത്.', ലുഖ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേ സമയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്. ജലീല്‍ പുനലൂര്‍ എന്നയാളാണ് പരാതി നല്‍കിയത്. വിലാപയാത്ര നടക്കുന്ന സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നുവെന്ന് കാണിച്ച് മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്‌മദ് കബീര്‍ കുന്നംകുളം തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വിഎസ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് അധിക്ഷേപകരമായ കമന്റുകളും പോസ്റ്റുകളും വന്നിരുന്നു. ഇതിനെതിരെയാണ് പരാതി.

വിഎസിനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച, ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. മലപ്പുറം വണ്ടൂര്‍ പൊലീസില്‍ ഡിവൈഎഫ്ഐയാണ് പരാതി നല്‍കിയത്. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ കമ്മ്യുണിസ്റ്റ് തീവ്രവാദി വി എസ് കേരളം ഇസ്ലാമിക രാജ്യമാകാന്‍ കാത്തുനില്‍ക്കാതെ പടമായെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു.

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട ഒരു അധ്യാപകനെയും രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ രംഗത്തെത്തിയിരുന്നു. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിക്കുന്നു.

Content Highlights: m luqman about v s achuthanandan

dot image
To advertise here,contact us
dot image