ധര്‍മസ്ഥല; 'കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്, അവര്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് അറിയാമല്ലോ'

കഴിഞ്ഞ ദിവസം ധർമസ്ഥലക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളെയും മാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ ബെംഗളൂരുവിലെ സിവില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

dot image

ബെംഗളൂരു: ധര്‍മസ്ഥലയിലെ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ആര്‍ അശോക. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആരെയും തെറ്റായി കേസില്‍ കുടുക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണം നടത്തരുതെന്നും ആര്‍ അശോക പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ധര്‍മസ്ഥലയെക്കുറിച്ച് ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്യുന്നുണ്ട്. കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രസംബന്ധമായ വിഷയങ്ങള്‍ കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൊലപാതകങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പ്രാദേശിക പൊലീസ് സ്റ്റേഷന്‍ അന്വേഷിക്കും. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍, അവരുടെ കുടുംബങ്ങള്‍ പരാതി നല്‍കും. അത്തരം എത്ര കേസുകള്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മതപരമായ സ്ഥലങ്ങള്‍ക്ക് സമീപം ആളുകള്‍ മരണപ്പെടുന്നുണ്ടെങ്കില്‍ പൊലീസ് അന്വേഷണം നടക്കും. ഇരുപത് വര്‍ഷത്തിനുശേഷം എങ്ങനെയാണ് പെട്ടെന്ന് ഒരാള്‍ക്ക് ഇത്തരമൊരു അവകാശവാദവുമായി രംഗത്തുവരാന്‍ കഴിയുക? ഒരു മതത്തെ അപമാനിക്കാനായി ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ല. മഞ്ചുനാഥ സ്വാമി ക്ഷേത്രവുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. തെറ്റായ വിവരങ്ങള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയാമ്. ഒരാള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ആരോപണം ഉന്നയിക്കേണ്ടത് ആ വ്യക്തിക്കെതിരെയാണ് അല്ലാതെ ഒരു മതസ്ഥാപനത്തെ മുഴുവനായി ചോദ്യമുനയില്‍ നിര്‍ത്തുകയല്ല വേണ്ടത്. സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക എന്നാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം' -ആര്‍ അശോക പറഞ്ഞു.

കഴിഞ്ഞ ദിവസം ധര്‍മസ്ഥല ക്ഷേത്രത്തിനും ഭരണാധികാരി ഡി വീരേന്ദ്ര ഹെഗ്‌ഡെയ്ക്കും സഹോദരന്‍ ഡി ഹര്‍ഷേന്ദ്ര കുമാറിനും കുടുംബാംഗങ്ങള്‍ക്കും അവരുടെ ഭരണത്തിന് കീഴിലുളള സ്ഥാപനങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളെയും മാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ ബെംഗളൂരുവിലെ സിവില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യൂട്യൂബര്‍ എംഡി സമീര്‍, മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടന്നവര്‍ തുടങ്ങിയവര്‍ക്കെതിരെ ഡി ഹര്‍ഷേന്ദ്ര കുമാര്‍ സമര്‍പ്പിച്ച കേസിലാണ് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഓഗസ്റ്റ് 5-നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക. അതുവരെ പ്രിന്റ്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്ന ഉളളടക്കം പ്രചരിപ്പിക്കുന്നതില്‍ നിന്ന് കോടതി പ്രതികളെ വിലക്കിയിട്ടുണ്ട്. ക്ഷേത്രത്തിനും വീരേന്ദ്ര ഹെഗ്‌ഡെയ്ക്കുമെതിരെ ഇതിനകം പ്രസിദ്ധീകരിച്ച വീഡിയോകളും മറ്റും നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചു.

ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിനെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്രാധികാരികള്‍ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി 1995-നു 2014-നും ഇടയില്‍ നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹം സംസ്‌കരിക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

Content Highlights: Dont spread fake news about dharmasthala temple says bjp leader r ashoka

dot image
To advertise here,contact us
dot image