
കൊച്ചി: വി എസ് അച്യുതാനന്ദന്‍ മടങ്ങുമ്പോള്‍ കമ്മ്യുണിസ്റ്റുകാരുടെ പ്രിയ സഖാവ് കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പര്‍ശം കൂടിയാണ് മാഞ്ഞുപോകുന്നതെന്ന് എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണന്‍. പ്രായപൂര്‍ത്തിയാകും മുന്‍പ് കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്‍കിയ വിപ്ലവകാരി. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കൃഷ്ണപിള്ള പരിശീലിപ്പിച്ച പ്രവര്‍ത്തകന്‍. സഖാവ് കൃഷ്ണപിള്ളയുടെ അവസാനത്തെ കേഡര്‍. വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. വി എസ് മടങ്ങുമ്പോള്‍ കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെ ജീവിതത്തില്‍ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പര്‍ശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാല്‍ സ്വാധീനിക്കപ്പെട്ട് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാള്‍ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓര്‍മ്മയാവുകയാണ് എന്നും നിതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
ഈ ചിത്രമാണ് മനസ്സില്‍ ഏറ്റവുമുടക്കിയത്.
ഓര്‍ത്തത് സഖാവ് പി കൃഷ്ണപിള്ളയെക്കുറിച്ചാണ്.
കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെ സ്വത്തായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശില്പിയായി ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടാമെങ്കില്‍ നിസംശ്ശയം അത് പി കൃഷ്ണപിള്ളയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജീവിച്ച്, അതിലേറെയും ഒളിവിലും ജയിലിലും കഴിഞ്ഞ്, 42 വയസ്സില്‍ - ഇന്ത്യ സ്വതന്ത്ര്യയായതിന്റെ അടുത്ത വര്‍ഷം - മരിച്ചു പോയ ആ കമ്യൂണിസ്റ്റാണ് കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏക വ്യക്തിയാര് എന്ന ചോദ്യത്തിന്റെ ഉത്തരം.
കേരളത്തിന്റെ ലെനിന്‍ ആയിരുന്നു സഖാവ് പി കൃഷ്ണപിള്ള.
കോണ്‍ഗ്രസ്സില്‍ നിന്ന് ഇടതു ചായ്വ് ഉള്ള സംഘത്തെ ഉണ്ടാക്കി അത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാക്കുക, ആ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്തവിധം - വലത് കോണ്‍ഗ്രസിനെ വെല്ലുന്ന വിധം - കേരളത്തില്‍ സംഘടിപ്പിക്കുക, കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുതല്‍ ബാലസംഘം വരെയുള്ള വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ക്ക് അടിത്തറ പാകുക, പത്രം ആരംഭിക്കുക… ഇതിനെയെല്ലാം ഭാവന ചെയ്ത് അത് നടപ്പിലാക്കാന്‍ നേതൃത്വം നല്‍കിയ ആദ്യത്തെ ആള്‍ കൃഷ്ണപിളളയാണ്.
ഇവയ്‌ക്കെല്ലാമൊപ്പമോ അതിനു മുകളിലോ സുപ്രധാനമായി പരിഗണിച്ച് കൃഷ്ണപിള്ള ശ്രദ്ധയൂന്നിയ മറ്റൊരു സംഘടനാ പ്രവര്‍ത്തനമുണ്ട്. അത് കഴിവും പ്രാപ്തിയുമുള്ള കേഡര്‍മാരെ കണ്ടുപിടിച്ച് അവരെ വിപ്ലവ പ്രവര്‍ത്തനത്തില്‍ സ്വയം സമര്‍പ്പിക്കുന്നവരാക്കി മാറ്റുകയെന്നതാണ്.
ഒരു കേഡറെ കണ്ടെത്തിയാല്‍ അയാളില്‍ കൃഷ്ണപിള്ള ചെലുത്തുന്ന ശ്രദ്ധയും ആ സഖാവിനെ രാകിമിനുക്കിയെടുക്കാന്‍ നടത്തുന്ന ഇടപെടലുകളും സമാനതകളില്ലാത്തതാണെന്ന് പലരും സാക്ഷ്യപ്പടുത്തിയിട്ടുണ്ട്. ഒരു വിപ്ലവ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കേഡര്‍മാര്‍ക്കുള്ള പങ്ക് കൃഷ്ണപിള്ളയ്ക്ക് നിശ്ചയമുണ്ടായിരുന്നു. ആ ജാഗ്രതയുടെ അടിത്തറയിലാണ് 1937 ല്‍ നാലുപേര്‍ ചേര്‍ന്ന് രഹസ്യമായി രൂപീകരിച്ച ഒരു പാര്‍ട്ടി പത്തൊന്‍പത് വര്‍ഷത്തിനപ്പുറം കേരളത്തില്‍ അധികാരമേറുന്ന പാര്‍ട്ടിയായി മാറുന്നത്. മറ്റൊരു പ്രസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്തത്രയും വെല്ലുവിളികളെയും അടിച്ചമര്‍ത്തലുകളെയും വേട്ടയാടലുകളെയും അതിജീവിച്ച് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ പ്രാപ്തിയുള്ള ഒരു നിര നേതാക്കള്‍ ഉയര്‍ന്നു വന്നതിന്റെ ഫലം കൂടിയാണത്.
ആ കൃഷ്ണപിള്ളയുടെ കേഡറാണ് സഖാവ് വി എസ് അച്യുതാനന്ദന്‍. പ്രായപൂര്‍ത്തിയാകും മുന്‍പ് കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്‍കിയ വിപ്ലവകാരി. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കൃഷ്ണപിള്ള പരിശീലിപ്പിച്ച പ്രവര്‍ത്തകന്‍. സഖാവ് കൃഷ്ണപിള്ളയുടെ അവസാനത്തെ കേഡര്‍.
ഒരര്‍ത്ഥത്തില്‍ വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948 ല്‍ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിന്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി.
വി എസ് മടങ്ങുമ്പോള്‍ കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെ ജീവിതത്തില്‍ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പര്‍ശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാല്‍ സ്വാധീനിക്കപ്പെട്ട് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാള്‍ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓര്‍മ്മയാവുകയാണ്.
സഖാവ് വി എസ്,
ഇന്നലെ വരെ നിങ്ങളിലൂടെ ഞങ്ങള്‍ സഖാവ് കൃഷ്ണപിള്ളയെ കൂടി കണ്ടു, ആധുനിക ജനാധിപത്യ കേരളത്തിന്റെ ഇന്നോളമുള്ള യാത്രകള്‍ കണ്ടു, സ്വാതന്ത്ര്യത്തെ സ്വജീവനുമേല്‍ പ്രതിഷ്ഠിച്ച തലമുറയുടെ ജീവിതത്തിന്റെ ആഴത്തെ കണ്ടു.
വിട പറയുന്നില്ല. വി എസിന്റെ കേഡര്‍മാര്‍ ഈ പാര്‍ട്ടിയെ നയിക്കുന്നുണ്ട്. അവരുള്ളത്രയും കാലം വി എസും നേരിട്ട് തന്നെ ഈ പാര്‍ട്ടിയിലുണ്ട്.
എങ്കിലും, ഒരു ശൂന്യത വന്ന് പൊതിയുന്നുമുണ്ട്. ബ്രിട്ടീഷുകാരുടെ തീതുപ്പുന്ന തോക്കിന് തങ്ങള്‍ കത്തിക്കുന്ന മുറിബീഡിയുടെ ബലമില്ലെന്ന്, സര്‍ സി പിയുടെ പട്ടാളത്തെ നേരിടാന്‍ വാരിക്കുന്തം മതിയെന്ന് ദൃഢപ്രത്യയമുണ്ടായിരുന്ന കൂട്ടത്തിലെ എല്ലാവരും പോയിരിക്കുന്നു.
വി എസിനൊപ്പം വിടവാങ്ങിയത് ഒരു തലമുറയാണ്. മരിച്ചത് സഖാവ് പി കൃഷ്ണപിള്ളയാണ്. ഇന്നു മുതല്‍ ആ ശൂന്യതയെ ഞങ്ങള്‍ അനുഭവിച്ചുതുടങ്ങുന്നു.
Content Highlights: Nitheesh Narayanan About v s achuthanandan