
കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിനെ പുകഴ്ത്തി രംഗത്തെത്തിയതിൽ വിശദീകരണവുമായി മന്ത്രി വി എൻ വാസവൻ. താൻ ഉള്ള വേദിയിലല്ല അദ്ദേഹം സംസാരിച്ചതെന്നും ഉദ്ഘാടനം കഴിഞ്ഞയുടൻ താൻ വേദി വിട്ടുവെന്നും വാസവൻ പറഞ്ഞു.
അതിനുശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്. വെള്ളാപ്പള്ളി വിഷയത്തിൽ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയതാണ്. നാല് വോട്ടിന് വേണ്ടി മാറ്റുന്നതല്ല സിപിഐഎം നിലപാടെന്നും മതനിരപേക്ഷ നിലപാടാണ് സിപിഐഎമ്മിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയം നിലപാട് പറയുന്ന നേതാവാണ് വെള്ളാപ്പള്ളിയെന്നായിരുന്നു മന്ത്രി വി എൻ വാസവന്റെ പ്രശംസ. നിർഭയം നിലപാട് പറയുന്ന നേതാവാണെന്നും വെള്ളാപ്പള്ളിയുടേത് ഉത്തരവാദിത്ത ബോധത്തിലൂന്നിയ പ്രവർത്തനമാണെന്നുമാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്.
കോട്ടയത്ത് വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ എസ്എൻഡിപി സംരക്ഷണ സമിതി പരാതി നൽകിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസിലാണ് പരാതി നൽകിയത്.
Content Highlights:v n vasavan on vellapally controversy