വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി

കോട്ടയം വെസ്റ്റ് പൊലീസിലാണ് പരാതി നൽകിയത്

dot image

കോട്ടയം: കോട്ടയത്ത് നടത്തിയ വിദ്വേഷ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി. കോട്ടയം വെസ്റ്റ് പൊലീസിലാണ് പരാതി നൽകിയത്.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്‌സ് മാത്രമാണ് നൽകിയതെന്നും മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്ന അവസ്ഥ ആയി. സൂംബ ഉൾപ്പെടെ അങ്ങനെ ആയി. എല്ലാം മലപ്പുറത്ത് പോയ് ചോദിക്കേണ്ട അവസ്ഥ ആയി. സൂംബയ്ക്ക് എന്താണ് കുഴപ്പമെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. താൻ മലപ്പുറത്തെ കുറിച്ച് പറഞ്ഞത് സത്യമാണ്. എന്നാൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എല്ലാവരും കൂടി ഒരുമിച്ച് തനിക്കെതിരെ രംഗത്തുവന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് പറഞ്ഞു.

സ്‌കൂൾ സമയമാറ്റം കോടതി വിധി പ്രകാരമാണ് നടപ്പിലാക്കിയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉടൻ സമസ്ത പറഞ്ഞത് ഓണവും ക്രിസ്മസ് അവധിയും വെട്ടിക്കുറയ്ക്കാനാണ്. അവർക്ക് ഒരു അരമണിക്കൂർ അഡ്ജസ്റ്റ് ചെയ്യാൻ ആകില്ലേ? ഇതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

സീറ്റ് വിഷയത്തിലും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. ഇപ്പോൾ ആലപ്പുഴയിൽ രണ്ട് സീറ്റ് കുറയുന്ന സാഹചര്യമുണ്ടെന്നും അപ്പോഴും മലപ്പുറത്തിന് നാല് സീറ്റ് കൂടിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. പ്രൊഡക്ഷൻ കൂട്ടിയാണ് അവർ മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തിൽ എത്താൻ സഭകൾ ഇപ്പോൾ തന്നെ ചരട് വലി തുടങ്ങിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അധികാരത്തിൽ നമുക്ക് പ്രാതിനിധ്യം വേണം. നമ്മുടെ ആളുകൾക്ക് ഓരോ പാർട്ടിയിലും അധികാരം കിട്ടണം. രാഷ്ട്രീയ ശക്തി ആയി മാറണം. ഓരോരുത്തരും അവരുടെ പാർട്ടിയിൽ നിന്ന് ശക്തി തെളിയിക്കണം. കോട്ടയതിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കയ്യിൽ ആയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

ശ്രീനാരായണ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിട്ട് ഒരു മുസ്‌ലിമിനെ വൈസ് ചാൻസലറാക്കിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മന്ത്രി മുസ്‌ലിം ആയതുകൊണ്ട് മുസ്‌ലിം വികാരം ഉണ്ടായി. മുസ്‌ലിം വികാരം ഉണ്ടായതിനെ കുറ്റം പറയാൻ ആകില്ല. വിസി ആയി ഒരു മുസ്‌ലിം ഇല്ലാത്തതുകൊണ്ടാണ് മുസ്ലിമിനെ വെച്ചത് എന്ന് മന്ത്രി തന്നോട് പറഞ്ഞു. മുസ്‌ലിമിന് മുസ്‌ലിം എന്നാണ് വികാരം. അവർക്ക് ഇടത് എന്നോ വലതു എന്നോ ഇല്ല. എല്ലാം പിടിച്ചടക്കണം എന്നാണ് അവരുടെ തീരുമാനം. മലപ്പുറത്ത് മാത്രമല്ല, തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ് വേണം എന്നാണ് ലീഗ് ഇപ്പോൾ ആവശ്യപ്പെടുന്നത്. തന്ത്രപൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാൻ ആണ് ലീഗിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തിരുന്നു.

Content Highlights: complaint against Vellapally Natesan for hate speech

dot image
To advertise here,contact us
dot image