
ന്യൂഡഹി: വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മതസംഘടനകൾ പരസ്പരം യോജിച്ച് പ്രവർത്തിക്കണം. മതസ്പർദ്ധ വളർത്തുന്ന കാര്യങ്ങളെ അനുകൂലിക്കാൻ ഒരിക്കലും കഴിയില്ലെന്നും അത് കേരളത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങൾ പാർലമെൻ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. ബിഹാർ വോട്ടർ പട്ടിക വിവാദവും ഉയർത്തും. പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും. പാർലമെന്റ് സമ്മേളനം പ്രഹസനമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ശൈലി. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മാസം നീണ്ടുനിൽക്കുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സർവകക്ഷി യോഗം ചേർന്നിരുന്നു.
കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വര്‍ഷം വേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
Content Highlights: k c venugopal against vellappally natesa's statement