
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ട്രാക്ടർ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടറിനോട്. ശബരിമലയിലെ നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഡിജിപി പറഞ്ഞു. റിപ്പോര്‍ട്ടറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഡിജിപിയുടെ പ്രതികരണം.
അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമാണെന്നും അജിത് കുമാറിന്റെ പ്രവര്‍ത്തി മനഃപൂര്‍വമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ട്രാക്ടര്‍ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്വാമി അയ്യപ്പന്‍ റോഡ് വഴി ആരും യാത്ര ചെയ്യരുതെന്നും അത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2021ലാണ് ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതൊക്കെ ചരക്കുകള്‍ ഏതൊക്കെ സമയങ്ങളില്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കടത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാക്ടറില്‍ ഡ്രൈവറല്ലാതെ മറ്റാരും പോകരുതെന്നും ഉത്തരവുണ്ടായിരുന്നു. ഒരു ഘട്ടത്തിലും ട്രാക്ടര്‍ വഴി യാത്ര ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച വൈകിട്ടായിരുന്നു എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ സന്നിധാനത്തേക്ക് യാത്ര ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് മലയിറങ്ങിയതും ട്രാക്ടറിലായിരുന്നു. സിസിടിവി ഇല്ലാത്ത വഴികളിലൂടെ യാത്ര ചെയ്ത് അവസാനം സിസിടിവി ഉള്ള സ്ഥലത്ത് ഇറങ്ങുകയായിരുന്നു. പിന്നാലെ ഇത് വിവാദമാകുകയായിരുന്നു.
Content Highlights- DGP ravada chandrasekhar against adgp m r ajith kumar on tractor ride incident