യാത്രാവിലക്ക് മാറ്റണം, നയതന്ത്ര സംഘത്തെ അയക്കണമെന്ന് ആക്ഷൻ കൗൺസിൽ; കേന്ദ്രം പരിഗണിക്കണമെന്ന് സുപ്രീം കോടതി

ആവശ്യം പരിഗണിക്കുന്നതില്‍ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തിന് മാത്രമേ നേരിട്ട് ഇടപെടാനാവൂ എന്നും കൂട്ടിച്ചേര്‍ത്തു

dot image

ന്യൂഡല്‍ഹി: നിമിഷപ്രിയയ്ക്ക് വേണ്ടി പരിശ്രമിച്ചവര്‍ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദിയെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. യമനിലേക്കുള്ള യാത്രാവിലക്ക് മാറ്റണമെന്നും നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. യാത്രാവിലക്ക് മാറ്റുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നായിരുന്നു കൗണ്‍സിലിന്റെ ആവശ്യം.

നിമിഷപ്രിയയ്ക്ക് വേണ്ടി നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. വധശിക്ഷ നീട്ടിവെച്ചുവെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതില്‍ തീയതി തീരുമാനിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കൗണ്‍സില്‍ മറുപടി നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദിയുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം പരിഗണിക്കുന്നതില്‍ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തിന് മാത്രമേ നേരിട്ട് ഇടപെടാനാവൂ എന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി ഓഗസ്റ്റ് 14ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിട്ടുണ്ട്.

നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്നായിരുന്നു കൗണ്‍സിലിന്റെ ആവശ്യം. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും, രണ്ടുപേര്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടർന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേര്‍ന്ന് യമനിലേക്ക് പോയത്. നാട്ടില്‍ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവര്‍ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യമന്‍ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുന്നതും.

യെമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും ചെയ്തു. സഹിക്കാന്‍ വയ്യെന്ന ഘട്ടത്തില്‍ നിമിഷപ്രിയ അധികൃതര്‍ക്ക് പരാതി നല്‍കി, ഇതോടെ തലാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ആരംഭിച്ചു. ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താന്‍ തലാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.

Content Highlights: Nimisha Priya case Supreme Court says Center consider action council s demand

dot image
To advertise here,contact us
dot image