നിമിഷപ്രിയ വിഷയം: കാന്തപുരത്തിൻ്റെ ഇടപെടൽ അറിയില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി അഡ്വ. സുഭാഷ് ചന്ദ്രൻ

'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിലാണ് വിമര്‍ശനം

dot image

കൊച്ചി: നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പടെ സാധ്യമായ എല്ലാ സഹായവും നല്‍കി എന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തിന് പിന്നാലെ കേന്ദ്രം കാണിച്ച അവഗണനയെ തുറന്ന് കാട്ടി സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായ നിയമപോരാട്ടത്തെ തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ടതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഇല്ലാതാക്കാന്‍ ഇതുവരെ നടത്തിയ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇടപെട്ടത് അറിയില്ലെന്ന കേന്ദ്രത്തിന്റെ മറുപടിക്ക് പിന്നാലെ 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിലാണ് വിമര്‍ശനം.

'വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരിന്ത്യക്കാരന് ഇന്ത്യന്‍ സര്‍ക്കാരും എംബസിയും തന്നെയാണ് നിയമ സഹായവും നയതന്ത്ര സഹായവും ഉള്‍പ്പടെയുള്ള പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത്. നിമിഷക്ക് അത്തരം പിന്തുണ ലഭ്യമാകാതെ വന്നപ്പോഴാണ് ആദ്യം ആക്ഷന്‍ കൗണ്‍സില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 2022 മാര്‍ച്ച് 15ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ യമനിലെ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് അഭിഭാഷകനെ ഉള്‍പ്പടെയുള്ള സഹായം ലഭ്യമാക്കാമെന്ന ഉറപ്പ് നല്‍കുകയും നിമിഷയുടെ അമ്മക്ക് സനയിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെ ചര്‍ച്ചകള്‍ നടത്തുന്നതിനുമുള്ള പിന്തുണ നല്‍കാമെന്ന് ഹൈക്കോടതി മുമ്പാകെ ഉറപ്പുനല്‍കുകയും സര്‍ക്കാരിന്റെ ഈ ഉറപ്പ് പരിഗണിച്ച് കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു', അദ്ദേഹം പറയുന്നു.

പിന്നീട് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും അമ്മ പ്രേമകുമാരിക്ക് യാത്രാനുമതി സര്‍ക്കാര്‍ നിഷേധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേമകുമാരി വീണ്ടുമൊരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്ത് കോടതി നിര്‍ദേശപ്രകാരം യാത്രക്കായി സമര്‍പ്പിച്ച അമ്മയുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളിയെന്നും മൂന്നാമതും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച പ്രേമകുമാരിക്ക് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തള്ളി കോടതി 2023 ഡിസംബര്‍ 12ന് യാത്രാനുമതി നല്‍കുകയായിരുന്നുവെന്നും സുഭാഷ് ഓര്‍മിപ്പിച്ചു.

'വധശിക്ഷക്കായി എണ്ണപ്പെട്ട നാളുകളില്‍ നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു തങ്ങള്‍ അജ്ഞരാണെന്ന ഇന്നത്തെ വാക്കുകള്‍ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ് ചരിത്രം. ഇങ്ങനെ നിവര്‍ന്നു നിന്ന് വസ്തുതകള്‍ ഓര്‍മപ്പെടുത്തുമ്പോള്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലായാലും ഇനി നാളെ സുപ്രീം കോടതി മുറിയിലായാലും നിങ്ങളെടുക്കുന്ന നിലപാടുകള്‍ കാലത്തിന്റെ വിചാരണക്ക് വിധേയമാക്കപ്പെടുക തന്നെ ചെയ്യും', അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും നിമിഷപ്രിയയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്തപുരത്തിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു.

Content Highlights: Nimisha Priya case Subash Chandran against Central government

dot image
To advertise here,contact us
dot image