ആലപ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വീടുപൂട്ടി കൊടി കുത്തിയ സംഭവം: ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി കോള്‍ പുറത്ത്

പൊലീസെത്തി വീട് തുറന്നുനല്‍കിയെങ്കിലും ഇനിയും പ്രശ്നമുണ്ടാകുമോ എന്ന് ഭയപ്പെട്ട് അവിടെ താമസിക്കാന്‍ ഭയപ്പെട്ട് നില്‍ക്കുകയാണ് കുടുംബം. ഇവര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി

dot image

ആലപ്പുഴ: നൂറനാട് സിപിഐഎം പ്രവര്‍ത്തകര്‍ വീടു പൂട്ടി കൊടികുത്തിയതില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി ഫോണ്‍ കോള്‍ റിപ്പോര്‍ട്ടറിന്. കുടുംബത്തോടൊപ്പം താമസിക്കാനെത്തിയ അര്‍ഷാദിനെ പാലമേല്‍ ലോക്കല്‍ സെക്രട്ടറി നൗഷാദ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളാണ് പുറത്തുവന്നത്. വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നാണ് നൗഷാദിന്റെ ഭീഷണി.

ഇന്നലെ രാത്രിയാണ്  ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ അമ്മയെയും പെണ്‍മക്കളെയും സിപിഐഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നിറക്കി വിട്ടത്. പാലമേല്‍ ലോക്കല്‍ സെക്രട്ടറി നൗഷാദിന്റെ നേതൃത്വത്തിലാണ് വീട് പൂട്ടി കൊടി കുത്തിയത്. ഇഎംഎസ് ഭവന പദ്ധതിയില്‍ ലഭിച്ച വീട് വിറ്റത് കൊണ്ടാണ് നടപടിയെടുത്തതെന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ വിശദീകരണം. നൂറനാട് പൊലീസില്‍ കുടുംബം പരാതി നൽകിയതിനെ തുടർന്ന് പൊലീസെത്തി വീട് തുറന്നു നല്‍കുകയായിരുന്നു. കുളങ്ങര സ്വദേശി അര്‍ഷാദ്, ഭാര്യ റജൂല, രണ്ട് മക്കളടങ്ങുന്ന കുടുംബമാണ് പെരുവഴിയിലായത്. മൂന്ന് ദിവസം മുന്‍പാണ് കുടുംബം ഇവിടെ താമസത്തിനെത്തിയത്. കുട്ടികളുമായി ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്.

അര്‍ഷാദ് എറണാകുളത്ത് ജോലി ചെയ്തുവരികയാണ്. ഇന്നലെ രാത്രി പൊലീസെത്തി വീട് തുറന്നുനല്‍കിയെങ്കിലും ഇനിയും പ്രശ്നമുണ്ടാകുമോ എന്ന് ഭയപ്പെട്ട് അവിടെ താമസിക്കാന്‍ ഭയപ്പെട്ട് നില്‍ക്കുകയാണ് കുടുംബം. ഇവര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി. അതേസമയം ഇരുകക്ഷികളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം

നൗഷാദ്: അവന്‍ മൂന്നാലഞ്ചുപേര്‍ക്ക് പണം കൊടുക്കാനുണ്ട്. 7 ലക്ഷം രൂപ

അര്‍ഷാദ്: ഞാന്‍ ആര്‍ക്കും പൈസ കൊടുക്കാനില്ലല്ലോ.

നൗഷാദ്: നീ ഉണ്ടാക്കണ്ട ഇവിടെ. അവനെ കുത്തിപ്പിടിച്ച് പൈസ കൊണ്ടുവാടാ. പൈസ തന്നിട്ട് നീ കേറിക്കോ.

അര്‍ഷാദ്: ഞാന്‍ ആര്‍ക്കും പൈസ കൊടുക്കാനില്ലല്ലോ.

നൗഷാദ്: നിന്നോട് ആരുപറഞ്ഞു ഇവിടെ സ്ഥലം മേടിക്കാന്‍. നീയാര് കനാലില്‍ സ്ഥലം മേടിക്കാന്‍?

അര്‍ഷാദ്: ഞാന്‍ സ്ഥലം വാങ്ങിയതല്ലല്ലോ, താമസിക്കാന്‍ വാങ്ങിയതല്ലേ?

നൗഷാദ്: നാലഞ്ചുപേര്‍ക്ക് പൈസ കൊടുക്കാന്‍ ഉണ്ടെടാ. വിളിച്ചോണ്ട് വാടാ അവനെ.

അര്‍ഷാദ്: അത് എനിക്ക് അറിയില്ല.

നൗഷാദ്: നീ അറിയണമല്ലോ, നിന്നോട് ഞാന്‍ പറഞ്ഞതല്ലേ കേറി താമസിക്കാന്‍ പറ്റത്തില്ല, വാടകയ്ക്ക് പറ്റത്തില്ല. മേടിക്കാന്‍ പറ്റത്തില്ല എന്ന്.

അര്‍ഷാദ്: ഞാന്‍ വാങ്ങിയില്ലല്ലോ?

നൗഷാദ്: നീ വാടകയ്ക്ക് ആണെങ്കിലും ഇവിടെ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതല്ലേ? അങ്ങനത്തെ പരിപാടിയൊന്നും ഇവിടെ നടക്കത്തില്ല. അവനെ വിളിക്കാതെ നീ അവിടെ കേറത്തില്ല. നീ ഇനി പൊലീസിനെും പട്ടാളത്തെയുമൊക്കെ വിളി. ഇവിടെ നടക്കത്തില്ല.

Content Highlights: CPM workers locked house incident Alappuzha: Threatening message from local secretary released

dot image
To advertise here,contact us
dot image