
കോഴിക്കോട്: പി കെ ദിവാകരനെ സിപിഐഎം ജില്ലാ കമ്മറ്റിയില്‍ തിരിച്ചെടുത്തു. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പി കെ ദിവാകരനെ കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വടകര മേഖലയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ നിന്ന് അണികള്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കുന്ന സാഹചര്യം വരെയുണ്ടായി. നിലവില്‍ പാര്‍ട്ടിയിലെ ഐക്യത്തിന് വേണ്ടിയാണ് ദിവാകരനെ തിരിച്ചെടുത്തതെന്നാണ് വിവരം.
മുന്‍ ജില്ലാ സെക്രട്ടറി പി മോഹനന്റെ സമ്മര്‍ദത്തിന് പിന്നാലെയാണ് ദിവാകരനെ കമ്മിറ്റിയില്‍ നിന്ന ഒഴിവാക്കിയതെന്ന ആരോപണമുയര്‍ന്നിരുന്നു. വടകര മേഖലയിലെ ജനകീയ നേതാവാണ് പി കെ ദിവാകരന്‍. നേരത്തെ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: PK Divakaran reinstated in CPM Kozhikode district committee