വിട്ടുവീഴ്ച കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാൻ; ഇനിയും ഫ്രീസറിൽവെക്കാൻ വയ്യ: വിപഞ്ചികയുടെ കുടുംബം

അനുകമ്പയോടെ ഒരു വാക്കുപോലും നിധീഷിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു

dot image

കൊച്ചി: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം ദുബായില്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി കുടുംബം. കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തതെന്നും ആരോടും ഒരു എതിര്‍പ്പുമില്ലെന്നും വിപഞ്ചികയുടെ കുടുംബം പറഞ്ഞു. കുഞ്ഞിനെവെച്ച് മത്സരിച്ച് ഒന്നും നേടാനില്ലെന്നും വിപഞ്ചികയുടെ കുടുംബം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

'കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തത്. ഇനിയും ഫ്രീസറില്‍ വെച്ചുകൊണ്ടിരിക്കാന്‍ വയ്യ. ഇതുവരെ മൃതദേഹം ഒന്നു കാണാന്‍ പോലും പറ്റിയിട്ടില്ല. ആരോടും ഒരു എതിര്‍പ്പുമില്ല. കുഞ്ഞിനെവെച്ച് മത്സരിച്ച് ഒന്നും നേടാനില്ല. കുഞ്ഞിന്റെ അച്ഛന്റെ അവകാശങ്ങള്‍ മാനിക്കുന്നു'- വിപഞ്ചികയുടെ കുടുംബം പറഞ്ഞു. വിപഞ്ചികയുടെ മരണം ആത്മഹത്യ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടെന്നും യുഎഇ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു. അനുകമ്പയോടെ ഒരു വാക്കുപോലും നിധീഷിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. റീ പോസ്റ്റ്‌മോര്‍ട്ടം നടത്തില്ലെന്നും നാട്ടില്‍ നിയമപോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനും മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കാനും തീരുമാനമായിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ഭര്‍ത്താവ് നിധീഷ് കുഞ്ഞിന്റെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കണമെന്നതില്‍ ഉറച്ചുനിന്നു. ഇതോടെയാണ് വിഷയത്തില്‍ കോണ്‍സുലേറ്റ് ഇടപെട്ടത്.

ഇന്ന് ഉച്ചയോടെ വിപഞ്ചികയുടെ മാതാവും സഹോദരനും ഭര്‍ത്താവ് നിധീഷും ബന്ധുക്കളുമായി കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു നിധീഷും കുടുംബവും. വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം. രണ്ടുദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വൈഭവിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും.

ജൂലൈ എട്ടിനാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പിൽ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും  ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും വിപഞ്ചിക കുറിച്ചിരുന്നു.

Content Highlights: Nothing to be gained by competing over the baby's body: Vipanchika's family on compromise

dot image
To advertise here,contact us
dot image