കല്ലമ്പലം എംഡിഎംഎ കേസ്: സഞ്ജുവിന്റെ നഷ്ടപ്പെട്ട ചാറ്റുകൾ വീണ്ടെടുക്കും; സിനിമാ ബന്ധം വ്യക്തമായേക്കും

കഴിഞ്ഞ രണ്ട് വർഷം നടത്തിയ സാമ്പത്തിക ഇടപാടുകൾ, യാത്രകൾ, ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ പരിശോധിക്കും

dot image

തിരുവനന്തപുരം: കല്ലമ്പലം എംഡിഎംഎ കേസിൽ പ്രതി സഞ്ജുവിൻ്റെ മുൻകാല നീക്കങ്ങളിൽ പൊലീസ് അന്വേഷണം. കഴിഞ്ഞ രണ്ട് വർഷം നടത്തിയ സാമ്പത്തിക ഇടപാടുകൾ, യാത്രകൾ, ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ പരിശോധിക്കും. നഷ്ടപ്പെട്ട ചാറ്റുകൾ വീണ്ടെടുക്കുന്നതോടെ സഞ്ജുവിന്റെ സിനിമ ബന്ധത്തിൽ കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പൊലീസിൻ്റെ കണക്കുകൂട്ടൽ. യുവനടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്. ഇവരിൽ പലരുമായും ഇടപാടുകൾ നടത്തിയിരുന്നതായാണ് പൊലീസിന്റെ നിഗമനം.

ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വൻ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാൽ കിലോ എംഡിഎംഎയുമായാണ് 'ഡോൺ' സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താൻ ശ്രമം നടന്നത്. സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണൻ, പ്രമീൺ എന്നിവരും പിടിയിലായിരുന്നു.

പ്രതികൾ വിമാനത്താവളത്തിൽ നിന്ന് ഇന്നോവ കാറിൽ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനിൽ ഇവർ എംഡിഎംഎ ഈന്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. സഞ്ജു സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് അറിയിച്ചിരുന്നു. 2023-ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു. പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

വർക്കലയിൽ ജനിച്ചുവളർന്ന സഞ്ജുവിന് ടൂറിസം മേഖലയുമായും നല്ല അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. വർക്കലയിൽ ചെറുപ്പകാലത്തുതന്നെ ക്രിമിനൽ കേസുകളിൽ സഞ്ജു ഉൾപ്പെട്ടിരുന്നു. 2022-ൽ എംഡിഎംഎയുമായി പിടിയിലായതോടെയാണ് രാസലഹരി വിൽപ്പനയിൽ സഞ്ജുവിന്റെ പേര് വെളിച്ചത്തുവരുന്നത്. പിന്നീടായിരുന്നു ഇയാളുടെ വളർച്ച. ലക്ഷങ്ങൾ ചെലവഴിച്ചാണ് പുതിയ വീടുൾപ്പെടെ നിർമിച്ചത്.

Content Highlights: kallambalam mdma case updates

dot image
To advertise here,contact us
dot image