'ട്രയൽ എന്നുപറഞ്ഞ് വിവാഹപ്പിറ്റേന്ന് മുഴുവൻ ജോലികളും ചെയ്യിച്ചു, തല മൊട്ടയടിച്ചതിലും സംശയം';വിപഞ്ചികയുടെ അമ്മ

വിപഞ്ചികയുടെയും കുഞ്ഞിന്‍റേയും മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു

dot image

കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജീവനൊടുക്കിയ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെയും അച്ഛനെയും സഹോദരിയെയും നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്നും കേസെടുത്തതുകൊണ്ടുമാത്രം തൃപ്തിപ്പെടാനാകില്ലെന്നും യുവതിയുടെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'തന്റെ മകള്‍ക്ക് 115 പവന്‍ സ്വര്‍ണ്ണവും 35 ലക്ഷം രൂപയുടെ കാറും സ്വത്തും നല്‍കിയെന്നാണ് വിവാഹ സമയത്ത് നിതീഷിന്റെ കുടുംബം തങ്ങളോട് പറഞ്ഞത്. അതിന്റെ പൊരുള്‍ മനസ്സിലാവുമല്ലോ. തുടര്‍ന്ന് 50 പവന്‍ സ്വര്‍ണ്ണം മകള്‍ക്കും രണ്ട് പവന്‍ ഭര്‍ത്താവിന്റെ സഹോദരിക്കും ഞങ്ങള്‍ നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷംവരെ പ്രശ്‌നങ്ങളില്ലെന്നാണ് മനസ്സിലാക്കുന്നത്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മകള്‍ ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. കുഞ്ഞിന്റെ ചോറൂണിന് പോലും നിതീഷ് നാട്ടിലേക്ക് വന്നിരുന്നില്ല. അവധിയെടുത്ത് സഹോദരിയുടെ വീട്ടിലുണ്ടായിരുന്നു. സഹോദരിയും നിതീഷിന്റെ അച്ഛനുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. വിവാഹ പിറ്റേന്ന് വീട്ടിലെ മുഴുവന്‍ ജോലികളും സഹോദരി ചെയ്യിച്ചു. ട്രയല്‍ എന്നാണ് പറഞ്ഞത്. മകളോട് സഹോദരിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ നിതീഷിനെ സമ്മതിക്കില്ലായിരുന്നു', വിപഞ്ചികയുടെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുഖം മറച്ചാണ് വീഡിയോ കോളില്‍ മകള്‍ സംസാരിച്ചിരുന്നതെന്നും മരണത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും അമ്മ ആവശ്യപ്പെട്ടു. വിപഞ്ചിക തലമൊട്ടയടിച്ചത് നിതീഷ് യുവതിയുടെ മുടി അറുത്തത് മറയ്ക്കാനാണോയെന്ന് സംശയമുണ്ടെന്നും അമ്മ ആരോപിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക (33), മകള്‍ വൈഭവി (ഒന്നര) എന്നിവരെ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് കോട്ടയം നാല്‍ക്കവല സ്വദേശി നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം.

മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും കുടുംബവും ആണെന്ന് ആരോപിച്ചുകൊണ്ട് വിപഞ്ചിക എഴുതിയ കുറിപ്പ് പുറത്തുവന്നിരുന്നു. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് ക്രൂരമായി പീഡിപ്പിക്കുന്നതായും വിപഞ്ചികയുടെ കുറിപ്പില്‍ പറയുന്നു.

Content Highlights: kollam vipanchika death mother seeks high level enqury

dot image
To advertise here,contact us
dot image