നിമിഷപ്രിയയുടെ മോചനം: പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി

മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം

dot image

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി എംപി. മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.

നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബം ഗവർണറെ കണ്ടിരുന്നു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകനും നിയമസഭാംഗവുമായ ചാണ്ടി ഉമ്മനുമാണ് ഗവർണറെ കണ്ടത്. നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാൻ കേന്ദ്രം ഇടപെടണമെന്നാണ് കുടുംബത്തിന്‌റെ ആവശ്യം.

യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽകണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012-ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യെമനിലേക്ക് പോയത്. നാട്ടിൽ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തതിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും. യെമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്.

ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി, ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.

തലാലിനെ കൊലപ്പെടുത്തി എന്നതാണ് നിമിഷപ്രിയയ്‌ക്കെതിരെയുള്ള കേസ്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു, പാസ്‌പോർട്ട് പിടിച്ചുവച്ച് നാട്ടിലേക്ക് വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തുടങ്ങിയ വാദങ്ങളായിരുന്നു നിമിഷപ്രിയയ്ക്കുണ്ടായിരുന്നത്. നിമിഷപ്രിയയെ കൂടാതെ ഇവരുടെ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഹനാൻ എന്ന യെമനി യുവതിയെയും തലാൽ നിരന്തരം മർദിച്ചിരുന്നു. തലാലിന്റെ ഉപദ്രവം അസഹനീയമായപ്പോൾ നിമിഷപ്രിയ ഹനാനൊപ്പം ചേർന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾ പിന്നിട്ടതോടെ വാട്ടർ ടാങ്കിൽനിന്ന് ദുർഗന്ധം വന്നു. ഇതോടെ പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.

Content Highlights: Jose K Mani writes to Prime Minister seeking urgent intervention for release of Nimisha Priya

dot image
To advertise here,contact us
dot image