വിസിമാർ ആർഎസ്എസിന് വേണ്ടി അടിമപ്പണി എടുക്കുന്നു, എസ്എഫ്ഐ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ: വി കെ സനോജ്

മോഹനൻ കുന്നുമ്മേൽ ആർഎസ്എസിനു വേണ്ടി പണി എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

dot image

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കാൻ ആർഎസ്എസ് നേരിട്ട് ഇടപെടുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എസ്എഫ്ഐ നടത്തുന്ന സമരത്തിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിൻഡിക്കേറ്റ് നിയമപരമായാണ് നടപടി സ്വീകരിച്ചത്. കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ ആർഎസ്എസിനു വേണ്ടി പണി എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിസിക്കെതിരെയും ചാൻസലർക്കെതിരെയും സമരം ശക്തമാക്കും. ഇനിയും തെറ്റായ ഉത്തരവുമായി വന്നാൽ മോഹനൻ കുന്നുമ്മേലിനെ ഡിവൈഎഫ്ഐ തടയും. ഗവർണർ ആർഎസ്എസ് ആണെന്ന് എല്ലാവർക്കും അറിയാം. ആർഎസ്എസ് അവരുടെ സ്വഭാവം തെറ്റായ രീതിയിൽ പുറത്തെടുത്തു. അപ്പോൾ തന്നെ മന്ത്രിമാർ ഉൾപ്പെടെ ശക്തമായ നിലപാട് എടുത്തതാണ്. ആർഎസ്എസിനു വേണ്ടി അടിമ പണി എടുക്കുകയാണ് വിസിമാർ. ഈ സ്ഥാനത്തിരുന്ന് ഈ പണി എടുത്താൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സനോജ് വ്യക്തമാക്കി.

സിൻഡിക്കേറ്റിനെ പിരിച്ചു വിട്ടാലൊന്നും അങ്ങനെ ഇല്ലാതാവില്ല. രജിസ്ട്രാർക്ക് ഒരു അവ്യക്തത കുറവും ഉണ്ടായിട്ടില്ല. മനസിലായ സമയം തന്നെ രജിസ്ട്രാർ പ്രതികരിച്ചിട്ടുണ്ട്. ഹാൾ ബുക്ക് ചെയ്ത് തെറ്റായി ഉപയോഗിക്കുകയാണ് ചെയ്തത്. രജിസ്ട്രാറെ ശക്തമായി പിന്തുണയ്ക്കും. ശക്തമായ സമരവുമായി ഡിവൈഎഫ്ഐ രംഗത്തുവരുമെന്നും വികെ സനോജ് കൂട്ടിച്ചേർത്തു. സർവകലാശാലയിൽ പിടിമുറുക്കാൻ വേണ്ടി ആർഎസ്എസ് നേരിട്ട് ഇടപെടുകയാണ്. സാധ്യത മനസ്സിലാക്കി ഗവർണർമാരെ പ്രയോജനപ്പെടുത്തുന്നു. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് താൽക്കാലിക വിസി പോലും പ്രവർത്തിച്ചത്. ഗവർണർ അല്ല പ്രധാനമന്ത്രി പറഞ്ഞാലും നിയമവാഴ്ചയുള്ള സംസ്ഥാനത്ത് ഒന്നും നടക്കില്ല. സർവകലാശാലയുടെ ഗേറ്റ് കടക്കാൻ പോലും ഇവരെ അനുവദിക്കില്ലെന്നും സനോജ് വ്യക്തമാക്കി.

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധമാണ് ഇന്നുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനായിരുന്നു പ്രവർത്തകരുടെ ശ്രമം.

കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.

Content Highlights: v k sanoj says full support for the strike by SFI on kerala university issue

dot image
To advertise here,contact us
dot image