'അമേരിക്കയിൽ തുടങ്ങിയ ചികിത്സയുടെ തുടർച്ചയ്ക്കാണ് മുഖ്യമന്ത്രി പോയത്, അവിടെ മാത്രമെ ആ ചികിത്സ ലഭ്യമാകൂ'

'സ്വകാര്യ ആശുപത്രിയിൽ പോയിരുന്നെങ്കിൽ എന്റെ ജീവൻ പോയേനെ. സർക്കാർ മെഡിക്കൽ കോളേജാണ് എന്റെ ജീവൻ രക്ഷിച്ചത്'

'അമേരിക്കയിൽ തുടങ്ങിയ ചികിത്സയുടെ തുടർച്ചയ്ക്കാണ് മുഖ്യമന്ത്രി പോയത്, അവിടെ മാത്രമെ ആ ചികിത്സ ലഭ്യമാകൂ'
dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അമേരിക്കയിൽ തുടങ്ങിയ ചികിത്സയുടെ തുടർച്ചയ്ക്കാണ് മുഖ്യമന്ത്രി പോയതെന്നായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം. അമേരിക്കയിൽ മാത്രമെ ഈ ചികിത്സ ലഭ്യമാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി പോസ്റ്റിനെതിരെയും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. പത്തനംതിട്ടയിലെ ആരെങ്കിലും വീണാ ജോർജിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. പാർട്ടിക്ക് അകത്ത് കാര്യങ്ങൾ പറയാമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളുടെ ന്യൂനതകൾ ചൂണ്ടികാണിക്കുന്നതിൽ തെറ്റില്ല. സ്വകാര്യ ആശുപത്രിയിൽ പോയിരുന്നെങ്കിൽ എന്റെ ജീവൻ പോയേനെ. സർക്കാർ മെഡിക്കൽ കോളേജാണ് എന്റെ ജീവൻ രക്ഷിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ ജനങ്ങളിൽ സ്വാധീനമുള്ള മേഖലകളാണ്. ഈ രണ്ട് മേഖലകളും തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട സംഭവം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി തന്നെ നിർദേശം നൽകിയിരുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സ്വകാര്യ ആശുപത്രികളും പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഇന്ന് സ്വകാര്യ ആശുപത്രികളെല്ലാം അമേരിക്കൻ കമ്പനിക്ക് കീഴിലേക്ക് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിന് എതിരല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. കേരളത്തില്‍ കിട്ടാത്ത ചികിത്സ എവിടെയും ഇല്ല എന്ന് മേനി പറയുന്നത് ഈ സര്‍ക്കാറാണെന്നും ആ മേനി പറയുന്നത് നിര്‍ത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോട്ടയം അപകടത്തിന് ശേഷം മേനി പറയുന്നതില്‍ അല്‍പം കുറവ് വന്നെന്നും അദ്ദേഹം വ്യക്തമാക്കി. 'ആരോഗ്യ രംഗത്തെ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തോതില്‍ പിന്‍വാതില്‍ തൊഴില്‍ പ്രവേശനം നടക്കുന്നു. അടുത്ത യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ ഇവരെയെല്ലാം പറഞ്ഞു വിടും. ഈ സര്‍ക്കാര്‍ തിരുകി കയറ്റിയവരെ പറഞ്ഞു വിട്ട് നമ്മുടെ ആളുകളെ നേരായ വഴിയില്‍ കയറ്റും', അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. പത്തുദിവസത്തേക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. തുടര്‍ ചികിത്സയുടെ ഭാഗമായായിരുന്നു അമേരിക്കയിലെത്തിയത്. നേരത്തെയും മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരുന്നു. അന്നും വലിയ രീതിയിലിത് ചര്‍ച്ചയായായിരുന്നു.

Content Highlights: LDF Convener TP Ramakrishnan About Pinarayi Vijayan's American Visit

dot image
To advertise here,contact us
dot image