
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധം കനക്കുന്നു. കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോർഡ് പ്രവർത്തകർ നശിപ്പിച്ചു. സംഘർഷം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവന്തപുരത്തും സെക്രട്ടേറിയേറ്റ് പരിസരത്ത് മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിക്കുകയും അവയ്ക്ക് മുകളിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തങ്ങളുടെ രണ്ട് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാ പ്രവർത്തകർ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒരു പ്രവർത്തകയെ തലയ്ക്ക് പരിക്കേറ്റതോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlights: Congress Protests demanding Veena George Resignation