
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി.പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് കൂട്ടിലായ നിലയിൽ കടുവയെ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കും. കാളികാവിൽ ഷാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കൊന്ന നരഭോജി കടുവയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്.
മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.
സംഭവത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുള്ളതായും കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. കടുവയെ കൂടുവെച്ച് പിടികൂടണമെന്നും കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും ചൂണ്ടിക്കാണിച്ച് എൻടിസിഎ മാർഗ നിർദേശപ്രകാരം രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നു.
Content Highlights: Tiger who killed man at kalikavu caught