

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍. 17 വര്‍ഷമായി താന്‍ പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നുവെന്നും ഇനി ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് മാധ്യമങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്നും പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും ശശി തരൂര്‍ പ്രതികരിച്ചു.
പാര്‍ട്ടിക്ക് നിലപാടുള്ള വിഷയങ്ങളില്‍ താന്‍ വേറെ അഭിപ്രായങ്ങള്‍ പറയാറില്ല. ചില വിഷയങ്ങളില്‍ ചില ആളുകള്‍ വ്യക്തിപരമായ അഭിപ്രായം ചോദിക്കും അതിന് മറുപടി പറയാറുണ്ട്. അത് പാര്‍ട്ടിയുടെ നിലപാടല്ല. പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടത് പാര്‍ട്ടി വക്താക്കളാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
വികസനത്തിന്‍റെ ഭാഗമായി നടക്കുന്ന ചില നല്ലകാര്യങ്ങള്‍ കാണുമ്പോള്‍ താന്‍ പലപ്പോഴും ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകാറുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഒരു പരാമര്‍ശത്തെയും താന്‍ അംഗീകരിച്ചിട്ടില്ല. രാജ്യത്തിന്റെ പലകാര്യങ്ങള്‍ക്കും വേണ്ടി ശക്തമായി നില്‍ക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. വര്‍ഗീയതയ്‌ക്കെതിര നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.
തന്റെ നിലപാടുകളെ പലരും പ്രോ ബിജെപിയായിട്ട് കണ്ടു. എന്നാല്‍ താന്‍ അതിനെ പ്രോ ഗവണ്‍മെന്റായും പ്രോ ഇന്ത്യയായുമാണ് കണ്ടത്. ചിലപ്പോള്‍ ചില കാര്യങ്ങളില്‍ രാഷ്ട്രീയം പറയുന്നതിനെക്കാള്‍ തനിക്ക് താല്‍പര്യം രാഷ്ട്രത്തെക്കുറിച്ച് പറയാനാണ്. എപ്പോഴും പറയുന്നത് പോലെ രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന് മാത്രമെ പറയാനുള്ളുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍വെച്ചായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. സിപിഐഎമ്മുമായി തരൂര്‍ അടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ഇത്. ക്രിയാത്മകമായ ചര്‍ച്ചയായിരുന്നു നടന്നതെന്നായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തരൂരിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് ശശി തരൂര്‍ ചൂണ്ടിക്കാണിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും എന്ന വാക്കു കൊടുത്തു കഴിഞ്ഞു. കഴിഞ്ഞതവണ എല്ലാം 56 സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇറങ്ങി.ഇത്തവണ അതില്‍ കൂടുതല്‍ ഇറങ്ങും. സിപിഐഎമ്മിലേക്ക് എന്ന കഥകള്‍ എവിടെ നിന്ന് കിട്ടി എന്ന് അറിയില്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.
Content Highlight; Shashi Tharoor responds: When I see good things in development I will point out that, I am not pro-BJP