'ആരോഗ്യവകുപ്പ് മണ്ടയില്ലാത്ത തെങ്ങ് പോലെയായി, കപ്പല്‍ ഓടി അലയുകയാണ്'; പരിഹസിച്ച് സി ആര്‍ മഹേഷ് എംഎല്‍എ

ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കി മാറ്റിയെന്നും എംഎല്‍എ

dot image

പത്തനംതിട്ട: ആരോഗ്യവകുപ്പ് മണ്ടയില്ലാത്ത തെങ്ങ് പോലെയായെന്ന് കോണ്‍ഗ്രസ് നേതാവ് സി ആര്‍ മഹേഷ് എംഎല്‍എ. കപ്പല്‍ ഓടി അലയുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാ പെയിന്റ് കൂട്ടി അടിച്ചാലും ആരോഗ്യ വകുപ്പിനെ ഇനി വെളുപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലായിരുന്നു മഹേഷിന്റെ പ്രതികരണം.

'ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കി മാറ്റി. ശസ്ത്രക്രിയ മുടങ്ങിയത് മൂലം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ മരണങ്ങളുടെ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ', അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും വീണാ ജോര്‍ജിന്റെയും മുഖംമൂടി ധരിച്ച്, കപ്പലിന്റെ മാതൃക തയ്യാറാക്കി നഗരപ്രദക്ഷിണം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയിട്ടുണ്ട്. വീണാ ജോര്‍ജിനെതിരെ യൂത്ത് ലീഗും ബിജെപിയും ആശ വര്‍ക്കര്‍മാരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന മന്ത്രി തല യോഗത്തിലെ തീരുമാനം നടപ്പാക്കിയില്ലെന്ന വിവരവും പുറത്ത് വന്നിരുന്നു. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്ന മന്ത്രി തല യോഗത്തിലെ തീരുമാനമാണ് നടപ്പാക്കാതിരുന്നത്. മെയ് 30നാണ് യോഗം നടന്നത്. മന്ത്രിമാരായ വി എന്‍ വാസവനും വീണാ ജോര്‍ജ്ജും പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനമുണ്ടായത്.

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.

14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു.

Content Highlights: Congress MLA against Veena George in Kottayam Medical College accident

dot image
To advertise here,contact us
dot image