ദുരന്തഘട്ടങ്ങളിലെ സൈനിക സേവനത്തിനുള്ള പ്രതിഫലം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് വിനിയോഗിക്കാം: ഹൈക്കോടതി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിന് അനുമതി നല്‍കിയത്

dot image

കൊച്ചി: കഴിഞ്ഞ കാലങ്ങളിലെ ദുരന്തഘട്ടങ്ങളിലെ സേവനത്തിന് സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യം നല്‍കിയ ബില്‍ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിന് അനുമതി നല്‍കിയത്.

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം ആഭ്യന്തര-ധന മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ വിശദീകരിച്ചിരുന്നു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഗുണപരമാകുന്ന സമ്മര്‍ദ്ദം ചെലുത്തൂവെന്നും എഎസ്ജിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അതിനിടെ ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതി നിര്‍മ്മാണം പുരോഗമിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മുതല്‍ വയനാട്ടിലെ കള്ളാടി വരെ നീളുന്ന നാല് വരി തുരങ്കപാതയ്ക്ക് ജൂണ്‍ 17ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയെന്നും അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. തുരങ്കപാതയുടെ പദ്ധതി റിപ്പോര്‍ട്ട് അമികസ് ക്യൂറി രഞ്ജിത് തമ്പാന് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ മേഖലയിലെ അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. ഹര്‍ജി ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, പിഎം മനോജ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.

Content Highlights: Remuneration for military service can be used for Mundakai chooral mala rehabilitation high court

dot image
To advertise here,contact us
dot image