മെഡിക്കൽ കോളേജ് അപകടം;പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുന്നു, കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നു: വാസവൻ

സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

dot image

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവം നിർഭാഗ്യകരമെന്ന് മന്ത്രി വി എൻ വാസവൻ. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. മണ്ണ് മാറ്റി പെട്ടന്ന് നോക്കണമെന്ന് നിർദ്ദേശം കൊടുത്തിരുന്നു. മണ്ണുമാന്തി യന്ത്രം എത്തിക്കാൻ വഴിയുണ്ടായിരുന്നില്ല. യന്ത്രം കേറി വരാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മറ്റൊരു രൂപത്തിൽ വിഷയത്തെ വ്യാഖ്യാനിക്കരുത്. മെഡിക്കൽ കോളേജിനെ ആകെ ആക്ഷേപിച്ച് ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.

തെരച്ചിൽ നിർത്തിവയ്ക്കാൻ പറഞ്ഞിട്ടില്ല. അത് തെറ്റായ പ്രചാരണമാണ്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ വിഷയത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് നടക്കുന്നതെന്നും വിഎൻ വാസവൻ ആരോപിച്ചു.

മരിച്ച ബിന്ദുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം കുടുംബത്തിന്റെ വീട്ടിൽ പോകും. ഇന്നലെ മൂന്ന് പ്രാവശ്യം വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടിൽ ആരുമില്ലെന്ന് അറിയിച്ചു. എല്ലാവരും മെഡിക്കൽ കോളേജിൽ ആണെന്ന് പറഞ്ഞു. അതിനാലാണ് പോവാത്തത്. രാഷ്ട്രീയം കളിക്കുന്നവർക്ക് അതാവാം. യാഥാർഥ്യം ആണ് താൻ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശുപത്രി സൂപ്രണ്ട് സത്യസന്ധമായി പ്രതികരിച്ചു. 2013-ൽ കെട്ടിടത്തിൻ്റെ മോശം അവസ്ഥയെ കുറിച്ച് പിഡബ്ല്യുഡി റിപ്പോർട്ട് നൽകിയിരുന്നു. യുഡിഎഫ് ഗവൺമെന്റ് അന്ന് നടപടിയെടുത്തില്ല. എൽഡിഎഫ് ഗവൺമെന്റ് വന്നതിനുശേഷമാണ് പുതിയ കെട്ടിട നിർമ്മാണം നടന്നത്. കിഫ്ബിയിൽ നിന്നും 526 കോടി തുക വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഓപ്പറേഷൻ തിയേറ്റർ അണുവിമുക്തമാക്കുന്ന പ്രവർത്തനം മാത്രമാണ് ബാക്കി. ഗവൺമെന്റിന്റെ ഇച്ഛാശക്തി കൊണ്ടാണ് കെട്ടിടം പണിഞ്ഞത്. ഇതിൽ രാഷ്ട്രീയം പറയുന്നതല്ലെന്നും ഈ യാഥാർത്ഥ്യം എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് പറഞ്ഞ മന്ത്രി സംസ്കാര ചടങ്ങുകൾക്കായി 50,000 രൂപ നൽകുമെന്നും വ്യക്തമാക്കി. മറ്റ് ധനസഹായം മന്ത്രിസഭ ചേർന്ന് തീരുമാനിക്കുമെന്നും വാസവൻ പറഞ്ഞു.

മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

Content Highlights: Minister vn vasavan on bindu's death at kottayam medical college

dot image
To advertise here,contact us
dot image